മോദിയും ഇമ്രാനും ഇന്ന് ഐക്യരാഷ്ട്ര പൊതുസഭയില്‍ സംസാരിക്കും

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര പൊതുസഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസാരിക്കും. ഇന്ത്യന്‍ സമയം വൈകിട്ട് ഏഴരയ്ക്കാണ് മോദിയുടെ പ്രസംഗം. മോദിക്ക് ശേഷം പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സംസാരിക്കും.

പ്രസംഗത്തില്‍ നരേന്ദ്ര മോദി ജമ്മുകശ്മീര്‍ പരാമര്‍ശിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഭീകരവാദം ചൂണ്ടിക്കാട്ടി പാകിസ്ഥാനെതിരെ ആഞ്ഞടിക്കാനാണ് സാധ്യത.

ഇമ്രാന്‍ഖാന്റെ പ്രസംഗത്തില്‍ കശ്മീരിനാകും പ്രധാന ഊന്നല്‍. പാകിസ്ഥാന്റെ വാദങ്ങള്‍ക്ക് ശക്തമായ മറുപടി പൊതുസഭയില്‍ നല്‍കുമെന്ന് വിദേശകാര്യമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഇതിനിടെ ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനിയുമായി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഇതിനിടെ പാകിസ്ഥാനുമായി ഇപ്പോള്‍ ചര്‍ച്ചയ്ക്കുള്ള സാഹചര്യം ഇല്ലെന്ന് നരേന്ദ്ര മോദി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ അറിയിച്ചിരുന്നു. ഭീകരവാദത്തിനെതിരെ കര്‍ശന നടപടി വേണമെന്നും പാകിസ്ഥാനുമായി ബന്ധം മെച്ചപ്പെടുത്താന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്നും മോദി പറഞ്ഞു. ഹൂസ്റ്റണില്‍ വച്ച് നടക്കുന്ന ഹൗഡി മോദി പരിപാരിടിയില്‍ ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് മോദി നിലപാട് വ്യക്തമാക്കിയത്.

പാക്കിസ്ഥാനെ കൈകാര്യം ചെയ്യാന്‍ നരേന്ദ്ര മോദിക്ക് അറിയാമെന്നായിരുന്നു ഡോണള്‍ഡ് ട്രംപ് ഇതിനോട് പ്രതികരിച്ചിരുന്നത്. അദ്ദേഹം പാക്കിസ്ഥാനു ശക്തവും വ്യക്തവുമായ സന്ദേശം നല്‍കിക്കഴിഞ്ഞു, ഇന്ത്യ-പാക്ക് ബന്ധം മെച്ചപ്പെടുത്താന്‍ മോദിയും ഇമ്രാന്‍ ഖാനും ഒരുമിച്ചു പ്രവര്‍ത്തിച്ചു പരിഹാര മാര്‍ഗം കണ്ടെത്തുമെന്നും യുഎസ് പ്രസിഡന്റ് അഭിപ്രായപ്പെട്ടിരുന്നു.

അതേസമയം കശ്മീര്‍ വിഷയം ഇരുരാജ്യങ്ങളും ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നായിരുന്നു യുഎന്‍ സെക്രട്ടറി ജനറല്‍ അറിയിച്ചിരുന്നത്.

Top