ഇന്ത്യ- പാക്ക് മത്സര കാര്യങ്ങളില്‍ വ്യക്തത വരുത്തി ഐ.സി.സി രംഗത്ത്

ന്യൂഡല്‍ഹി: ലോകകപ്പില്‍ ഇന്ത്യ-പാക്ക് മത്സര കാര്യങ്ങളില്‍ വ്യക്തത വരുത്തി ഐ.സി.സി രംഗത്ത്. പുല്‍വാമയില്‍ ഉണ്ടായ ഭീകരാക്രമണത്തിന്റെ പേരില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ലോകകപ്പ് മത്സരം റദ്ദാക്കില്ലെന്ന് ഐ.സി.സി മേധാവി ഡേവ് റിച്ചാര്‍ഡ്‌സണ്‍ അറിയിച്ചു. മത്സരങ്ങള്‍ റദ്ദാക്കില്ലെന്നും മുമ്പ് നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്നും റിച്ചാര്‍ഡ്‌സണ്‍ കൂട്ടിച്ചേര്‍ത്തു. മെയ് മുപ്പതിന് ആരംഭിക്കുന്ന ലോകകപ്പില്‍ ജൂണ്‍ 16-നാണ് ഇന്ത്യ-പാക്ക് മത്സരം.

മത്സരങ്ങള്‍ക്ക്, പ്രത്യേകിച്ചും ക്രിക്കറ്റിന് വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള, വ്യത്യസ്തമായ സംസ്‌കാരമുള്ള ആളുകളെ ഒന്നിച്ചുകൊണ്ടുപോകാനുള്ള കഴിവുണ്ട്. അത് അടിസ്ഥാനമാക്കി ഞങ്ങള്‍ അംഗങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും റിച്ചാഡ്സണ്‍ വ്യക്തമാക്കി. അതേസമയം കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികരുടെ കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം പങ്കുചേരുകയാണെന്നും റിച്ചാര്‍ഡ്‌സണ്‍ പറഞ്ഞു.

ക്രിക്കറ്റ് ക്ലബ്ബ് ഓഫ് ഇന്ത്യ സെക്രട്ടറി സുരേഷ് ബഫ്‌നയാണ് രാജ്യം ഭീകരാക്രമണത്തിന്റെ നടുക്കത്തില്‍ നില്‍ക്കെ ഇന്ത്യ പാക്കിസ്ഥാനെതിരെ മത്സരങ്ങളില്‍ പങ്കെടുക്കരുതെന്ന് ബി.സി.സി.ഐയോട് ആവശ്യപ്പെട്ട് ആദ്യം രംഗത്തെത്തിയത്.

Top