ഏഷ്യാ കപ്പിൽ ഇന്ന് ഇന്ത്യ-പാക് പോരാട്ടം

ദുബായ്: ഏഷ്യ കപ്പ് സൂപ്പർ ഫോറിൽ ഇന്ന് ഇന്ത്യ-പാകിസ്ഥാന്‍ സൂപ്പര്‍ പോരാട്ടം. ദുബായിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോൾ ഇന്ത്യ അഞ്ച് വിക്കറ്റിന് പാകിസ്ഥാനെ തോൽപിച്ചിരുന്നു. പരിക്കേറ്റ രവീന്ദ്ര ജഡേജയുടെ അഭാവം ഇന്ത്യക്ക് കനത്ത തിരിച്ചടിയായി.

ലോകകപ്പ് തോൽവിക്ക് പകരം വീട്ടിയ ആത്മവിശ്വാസത്തിലാണ് രോഹിത് ശർമ്മയുടെ ടീം ഇന്ത്യ ഇറങ്ങുന്നക്. ബാബർ അസമിന്‍റെ മുറിവേറ്റ പാകിസ്ഥാൻ ശക്തമായ പോരാട്ടം ലക്ഷ്യമിടുന്നു. ഹാർദിക് പാണ്ഡ്യയുടെ ഓൾറൗണ്ട് കരുത്തും ഫോം വീണ്ടെടുത്ത വിരാട് കോലിയും അയൽക്കാരെ അസ്വസ്ഥരാക്കും. കെ എൽ രാഹുലിന്‍റെ മെല്ലപ്പോക്കും പരിക്കേറ്റ രവീന്ദ്ര ജഡേജയുടെ അഭാവുമായിരിക്കും ഇന്ത്യൻ ക്യാമ്പിലെ ആശങ്ക. ഓൾറൗണ്ടർ അക്സർ പട്ടേൽ പകരമെത്തുമെങ്കിലും ജഡേജയുടെ ബാറ്റിംഗ് മികവിനൊപ്പം എത്തുമോയെന്നത് സംശയമാണ്. ഇടംകൈയൻ ബാറ്റർക്ക് മുൻതൂക്കം നൽകിയാൽ ദിനേശ് കാർത്തിക്കിന് പകരം റിഷഭ് പന്തായിരിക്കും അവസരം.

ബാബർ അസം, മുഹമ്മദ് റിസ്‌വാൻ, ഫഖർ സമാൻ, ഇഫ്തിഖർ അഹമ്മദ് എന്നിവരിലാണ് പാകിസ്ഥാന്‍റെ റൺസ് പ്രതീക്ഷ. പരിക്കേറ്റ യുവപേസർ ഷാനവാസ് ദഹാനിയുടെ അഭാവം തിരിച്ചടിയാവും. നസീം ഷായുടെ ഓപ്പണിംഗ് സ്പെൽ കളിയുടെ ഗതി നിർണയിക്കും. ഏഷ്യാ കപ്പിൽ അവസാനം ഏറ്റുമുട്ടിയ നാല് കളിയിലും ഇന്ത്യക്കായിരുന്നു ജയം. നാല് തവണയും ഇന്ത്യ ജയിച്ചത് റൺസ് പിന്തുടർന്നാണ് എന്ന സവിശേഷതയുമുണ്ട്.

Top