ഇന്ത്യ-പാക്കിസ്ഥാന്‍ ക്രിക്കറ്റ് പരമ്പരയ്ക്ക് ഇനി ഒരു സാധ്യതയില്ലെന്ന് ഐപിഎല്‍ ചെയര്‍മാന്‍

ന്യൂഡല്‍ഹി: പാക്കിസ്ഥാനുമായി ഇനി പരമ്പരകളൊന്നും കളിക്കില്ലെന്ന് വ്യക്തമാക്കി ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല. ജമ്മുകശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. കേന്ദ്ര സര്‍ക്കാര്‍ ഏതെങ്കിലും തരത്തിലുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചാല്‍ മാത്രമേ ഇനിയൊരു മത്സരത്തെക്കുറിച്ച് ആലോചിക്കുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഭീകരവാദികളെ സംരക്ഷിക്കുകയും, ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയും ചെയ്യുന്ന പാക്കിസ്ഥാന്റെ നടപടിയാണ് ഇന്ത്യയെ പ്രകോപിപ്പിച്ചത്. നേരത്തെ, ലോകകപ്പില്‍ പാക്ക് ടീമിനെതിരായ മത്സരം ഇന്ത്യ ഉപേക്ഷിക്കണമെന്ന അഭ്യര്‍ഥനയുമായി ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യ ബിസിസിഐയെ സമീപിച്ചിരുന്നു.

ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യ ഒരു കായിക സംഘടനയാണെങ്കിലും രാജ്യത്തിനാണ് പ്രഥമ പരിഗണനയെന്ന് സെക്രട്ടറി സുരേഷ് ബഫ്ന പറഞ്ഞിരുന്നു. രാജ്യം ഭീകരാക്രമണത്തിന്റെ ഞെട്ടലില്‍ നില്‍ക്കെ ലോകകപ്പില്‍ ഇന്ത്യ പാക്കിസ്ഥാനെതിരേ കളിക്കരുതെന്നും സുരേഷ് ആവശ്യപ്പെട്ടിരുന്നു. മേയ് 30നാണ് ഏകദിന ലോകകപ്പ് ആരംഭിക്കുന്നത്. ജൂണ്‍ 16നാണ് ഇന്ത്യ-പാക് മത്സരം.

Top