ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ചൈനയെ മറികടന്ന് ഇന്ത്യ

ന്യൂഡല്‍ഹി: ലോകത്ത് കൊവിഡ് വൈറസ് ഏറ്റവും ഗുരുതരമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ചൈനയെ മറികടന്ന്
ഇന്ത്യ. ചൈന ഔദ്യോഗികമായി പുറത്തുവിട്ട മരണസംഖ്യയേക്കാള്‍ കൂടുതല്‍ മരണം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെന്നാണ് കണക്കുകള്‍. രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1.6 ലക്ഷം പിന്നിട്ടിരിക്കുകയാണ്.

1,65,386 കൊവിഡ് രോഗികളാണ് ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ചൈന ഔദ്യോഗികമായി പുറത്തുവിട്ട രോഗികളുടെ എണ്ണം 84,106 ആണ്. അതേസമയം, മരണ സംഖ്യയിലും ഇന്ത്യ ചൈനയെ മറികടക്കുമെന്നാണ് കണക്കുകള്‍ പറയുന്നത്. ചൈനയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 4638 മരണങ്ങളാണ്. എന്നാല്‍, രാജ്യത്ത് ഇതുവരെ മരണം 4711 ആയി.

ഡിസംബറില്‍ ആദ്യമായി ചൈനയില്‍ കണ്ടെത്തിയ കൊറോണ വൈറസ് ലോകരാജ്യങ്ങളില്‍ ആകെ പടര്‍ന്ന് 59 ലക്ഷം പേര്‍ക്ക് രോഗം ബാധിച്ചു. മൂന്നരലക്ഷത്തോളം പേരാണ് ലോകത്താകെ മരിച്ചത്. രോഗികളുടെ എണ്ണത്തില്‍ അമേരിക്ക തന്നെയാണ് ഏറ്റവും മുന്നില്‍. 17 ലക്ഷം പേര്‍ക്കാണ് അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചത്. ബ്രസീല്‍, റഷ്യ, യുകെ, സ്‌പെയിന്‍, ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി എന്നിവയാണ് ഇന്ത്യയേക്കാള്‍ രോഗികളുള്ള രാജ്യങ്ങള്‍. രോഗികളുടെ എണ്ണത്തില്‍ ഇപ്പോള്‍ പതിനാലാമതാണ് ചൈന.

ഇറാനും, പെറുവിനും കാനഡയ്ക്കും താഴെ. മരണസംഖ്യയിലും ഒന്നാമത് അമേരിക്ക തന്നെ. രണ്ടാമത് യുകെയും. പിന്നാലെ ഇറ്റലി, ഫ്രാന്‍സ്, സ്‌പെയ്ന്‍, ബ്രസീല്‍, ബെല്‍ജിയം, മെക്‌സിക്കോ, ജര്‍മനി, ഇറാന്‍ എന്നീ രാജ്യങ്ങളാണുള്ളത്. ഈ പട്ടികയില്‍ ഇന്ത്യ 13-ാം സ്ഥാനത്താണുള്ളത്. കാനഡയും നെതര്‍ലന്‍ഡ്‌സുമാണ് പതിനൊന്നും പന്ത്രണ്ടും സ്ഥാനങ്ങളില്‍.

ലോക്ക്ഡൗണില്‍ ഇളവുകള്‍ വരുത്തിയ ഈ മാസമാണ് ഇന്ത്യയില്‍ കേസുകളുടെ എണ്ണം കുതിച്ചുയര്‍ന്നത്. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പ്രത്യേക തീവണ്ടികളിലും വിമാനങ്ങളിലുമായി പ്രവാസികളും വിവിധ നഗരങ്ങളില്‍ നിന്ന് കുടിയേറ്റത്തൊഴിലാളികളും നാട്ടിലേക്ക് യാത്ര പുറപ്പെട്ടതിന് ശേഷം പ്രത്യേകിച്ച് എണ്ണം കുത്തനെ കൂടി.

Top