വീസ നിയമം, ഇരട്ടനികുതി ഒഴിവാക്കുന്നതടക്കം ഒന്‍പത് കരാറുകളില്‍ ഇന്ത്യയും ഇറാനും ഒപ്പിട്ടു

India and Iran

ന്യൂഡല്‍ഹി: ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുമായി ഇരട്ടനികുതി ഒഴിവാക്കുന്നതടക്കം ഒന്‍പത് കരാറുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒപ്പിട്ടു. വ്യാപാരം, നിക്ഷേപം എന്നീ മേഖലകളില്‍ സഹകരണം കൂടുതല്‍ വര്‍ദ്ധിപ്പിക്കാനും ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായി. ഇന്ത്യക്കാര്‍ക്കുവേണ്ടി വീസ നിയമങ്ങള്‍ ലളിതമാക്കുമെന്നും റൂഹാനി പറഞ്ഞു.

തെക്കുകിഴക്കന്‍ ഇറാനിലെ ചബഹാര്‍ തുറമുഖത്തെ ഇരുരാജ്യങ്ങളും തമ്മിലുള്ള ചരക്കുനീക്കത്തിന്റെ പ്രധാന പാതയാക്കി മാറ്റുന്നതിനുള്ള തീരുമാനവും ഇരുരാജ്യങ്ങളും കൈക്കൊണ്ടിട്ടുണ്ട്.

വ്യാപാര, നിക്ഷേപ സഹകരണ ബന്ധങ്ങള്‍ കൂടാതെ ഭീകരത, മയക്കുമരുന്ന് കടത്ത് തടയല്‍ തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയായി. ഭീകരത ഇരു രാജ്യങ്ങള്‍ക്കും ഒരുപോലെ വെല്ലുവിളിയാണെന്നും ഇത് തടയാന്‍ ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്നും മോദിയും റൂഹാനിയും പറഞ്ഞു. 2016ല്‍ മോദിയുടെ ഇറാന്‍ സന്ദര്‍ശന വേളയില്‍ ഇരുരാജ്യങ്ങളും നിരവധി കരാറുകളില്‍ ഒപ്പുവച്ചിരുന്നു.

Top