ഇന്ത്യ ബംഗ്ലാദേശിലേക്ക് ആരെയും തള്ളിവിടുന്നില്ല; വിദേശകാര്യ മന്ത്രി ഡോ.മോമന്‍

ന്ത്യ തങ്ങളുടെ രാജ്യത്തേക്ക് ആരെയും തള്ളിവിടുന്നില്ലെന്ന് വ്യക്തമാക്കി ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഡോ. എ.കെ. അബ്ദുള്‍ മോമന്‍ രംഗത്ത്. എന്നാല്‍ ചിലര്‍ ഇടനിലക്കാരുടെ സഹായത്തോടെ സൗജന്യ ഭക്ഷണം ലഭിക്കുമെന്ന രീതിയില്‍ എത്തുന്നുണ്ടെന്നും ഡോ. മോമന്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി വഴി നിയമങ്ങള്‍ പാലിക്കാതെ എത്തുന്ന ബംഗ്ലാദേശ് പൗരന്‍മാര്‍ അല്ലാത്തവര്‍ രാജ്യത്ത് പ്രവേശിച്ചാല്‍ ഇവരെ തിരികെ അയയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയില്‍ അനധികൃതമായി ജീവിക്കുന്ന ബംഗ്ലാദേശികളുടെ പട്ടിക കൈമാറാന്‍ ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചിട്ടുളളതായി ഡോ. മോമന്‍ കൂട്ടിച്ചേര്‍ത്തു. ബംഗ്ലാദേശ് പൗരന്‍മാര്‍ക്ക് രാജ്യത്തേക്ക് തിരിച്ചുവരാന്‍ അവകാശമുണ്ട്. ദേശീയ പൗരത്വ രജിസ്റ്റര്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും ഇത് ബംഗ്ലാദേശിനെ ബാധിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഇന്ത്യ-ബംഗ്ലാദേശ് ബന്ധം തികച്ചും സാധാരണ രീതിയിലാണ്. ബന്ധത്തില്‍ യാതൊരു പ്രശ്‌നങ്ങളുമില്ല’, ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയതിനെക്കുറിച്ച് വിദേശകാര്യ മന്ത്രി പറഞ്ഞു. ബംഗ്ലാദേശില്‍ മാര്‍ട്ടിയേഡ് ഇന്റലക്ച്വല്‍സ് ദിനവും, വിക്ടറി ദിനവും ആഘോഷിക്കുന്നതിന്റെ തിരക്കുകള്‍ മൂലമാണ് ഡോ. മോമന്‍ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയതെന്നാണ് വിശദീകരണം. പൗരത്വ ഭേദഗതി ബില്ലും, പൗരത്വ രജിസ്റ്ററും ചര്‍ച്ചയാകുന്ന ഘട്ടത്തില്‍ ബംഗ്ലാദേശ് വിദേശകാര്യ മന്ത്രിയുടെ സന്ദര്‍ശനം റദ്ദാക്കിയത് വിവാദമായിരുന്നു.

എന്നാല്‍ സ്വദേശത്തെ തിരക്കുകള്‍ മൂലമാണ് സന്ദര്‍ശനം റദ്ദാക്കിയതെന്നാണ് അഭ്യൂഹങ്ങളെ ഒതുക്കിയുള്ള വിശദീകരണം. ഇന്ത്യയുടെ പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് ബംഗ്ലാദേശ് ഭരണപക്ഷമായ അവാമി ലീഗ് ജനറല്‍ സെക്രട്ടറി ഒബൈദുള്‍ ഖാദറും പ്രതികരിച്ചു. ഇന്ത്യാ ഗവണ്‍മെന്റുമായി നല്ല ബന്ധത്തിലാണ്, നിയമത്തിന്റെ പേരില്‍ ഇതൊന്നും മാറില്ല, ഖാദര്‍ കൂട്ടിച്ചേര്‍ത്തു.

Top