ചൈനാ അതിര്‍ത്തിയില്‍ സുരക്ഷ കുറയ്ക്കില്ലെന്ന് നിര്‍മ്മല സീതാരാമന്‍

ന്യൂഡല്‍ഹി: ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ സുരക്ഷ സംവിധാനങ്ങള്‍ കുറയ്ക്കില്ലെന്ന് പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍. വുഹാനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനീസ് പ്രസിഡന്റ് ഷി ജിങ് പിങുമായി അനൗദ്യോഗിക കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതില്‍, അതിര്‍ത്തിയില്‍ സൈനിക സഹകരണം മെച്ചപ്പെടുത്തുമെന്ന് തീരുമാനമുണ്ടായിരുന്നു. ഡോക് ലാമില്‍ ഇരു സൈനിക വിഭാഗവും തമ്മിലുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു തീരുമാനം.

രാഷ്ട്രത്തലവന്‍മാരുടെ സമാധാന ശ്രമങ്ങള്‍ ശരിയായ രീതിയില്‍ അതിര്‍ത്തിയില്‍ പ്രാവര്‍ത്തികമാകുന്നുണ്ടെന്നും പ്രതിരോധ മന്ത്രി വ്യക്തമാക്കി. എന്നാല്‍, പ്രതിരോധ മന്ത്രി എന്ന നിലയില്‍ അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കേണ്ടതും നിരീക്ഷണങ്ങള്‍ നടത്തേണ്ടതും ഉത്തരവാദിത്വമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

പടിഞ്ഞാറന്‍ തീരങ്ങളില്‍ നിന്നും സുരക്ഷ കൂടുതല്‍ വടക്കന്‍ ഭാഗങ്ങളിലേക്ക് മാറ്റണമെന്ന് നേരത്തെ സേന മേധാവി ബിപിന്‍ റാവത്ത് പ്രസ്ഥാവിച്ചിരുന്നു. എന്നാല്‍, എല്ലാ അതിര്‍ത്തികളിലും ഒരുപോലെ സുരക്ഷ ഉറപ്പു വരുത്തുമെന്ന് മന്ത്രി പ്രതികരിച്ചു.

കഴിഞ്ഞ മാസം നിര്‍മ്മല സീതാരാമന്‍ ചൈനീസ് പ്രതിരോധ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഡോക് ലാം പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് അന്ന് തീരുമാനിച്ചിരുന്നു.

ഇന്ത്യ- ചൈന അതിര്‍ത്തിയെ സംബന്ധിച്ച് ഇന്നും തര്‍ക്കം തുടരുകയാണ്. ചര്‍ച്ചകളിലും പല വിധ പ്രശ്‌നങ്ങളുണ്ടെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു.

Top