5,000 സൈനികരെ കൂടി കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയില്‍ നിയോഗിച്ചു

ന്യൂഡല്‍ഹി: 15,000 ത്തോളെ സൈനികരെ കൂടി കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയിലേക്ക് നിയോഗിച്ച് ഇന്ത്യ. യുപിയില്‍ നിന്ന് ഒരു ഡിവിഷന്‍ കൂടി എത്തിയതോടെ അതിര്‍ത്തിയിലെ ഇന്ത്യന്‍ ഭടന്മാരുടെ എണ്ണം 50,000 ത്തിന് മുകളിലായി. ടി 90 ടാങ്കുകളടക്കമുള്ള സന്നാഹങ്ങളും അതിര്‍ത്തിയിലെത്തിച്ചു.

നിലവില്‍ 3 സേനാ ഡിവിഷനുകളും ടാങ്കുകളും അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിട്ടുണ്ട്. നയതന്ത്ര, സൈനികതല ചര്‍ച്ചകളിലൂടെ പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ ശ്രമം നടത്തുമ്പോഴും അതീവ ജാഗ്രത തുടരുന്നതിന്റെ ഭാഗമായാണു ഇന്ത്യ സൈനികരുടെ എണ്ണം വര്‍ധിപ്പിച്ചത്. പ്രശ്‌നപരിഹാരമാകും വരെ പടയൊരുക്കത്തില്‍ ഒരിഞ്ചു പോലും പിന്നോട്ടില്ലെന്ന സന്ദേശം കൂടിയാണ് ഇന്ത്യ നല്‍കുന്നത്. കഴിഞ്ഞ ദിവസം നടന്ന ഉന്നത സേനാ ചര്‍ച്ചയിലെ ധാരണപ്രകാരം സന്നാഹം പിന്‍വലിക്കാന്‍ ചൈന തയാറായാല്‍, സമാന രീതിയിലുള്ള പിന്മാറ്റം ഇന്ത്യയും നടത്തും.

പല ഉയരങ്ങളിലുള്ള കാലാവസ്ഥയുമായി ഘട്ടംഘട്ടമായി പൊരുത്തപ്പെട്ട ശേഷമാണ് (അക്ലമറ്റൈസേഷന്‍) 14,000 അടിക്കു മേല്‍ ഉയരത്തിലുള്ള അതിര്‍ത്തിയിലേക്ക് സേനാംഗങ്ങളെ എത്തിച്ചത്. 9,000 അടി, 11,000 അടി എന്നീ ഉയരങ്ങളില്‍ 7 ദിവസം വീതം തങ്ങിയ ശേഷം അതിര്‍ത്തി താവളങ്ങളിലെത്തിയ സൈനികര്‍ ശൈത്യകാലം പിടിമുറുക്കുന്ന നവംബര്‍ വരെ അവിടെ തുടരാന്‍ സജ്ജമാണ്.

ഇതിനു പുറമേ, പാക്ക് അതിര്‍ത്തിയിലും സേന അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. പാക്ക്, ചൈന അതിര്‍ത്തികളില്‍ സമീപകാലത്തൊന്നുമില്ലാത്ത വിധമുള്ള പടയൊരുക്കമാണ് ഇന്ത്യ നടത്തിയിരിക്കുന്നതെന്നു സേനാ വൃത്തങ്ങള്‍ പറഞ്ഞു. പാക്ക് അതിര്‍ത്തിയിലുടനീളം ഡ്രോണ്‍ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.

Top