കൊവിഡ് പ്രതിരോധം : ഇന്ത്യക്ക് ന്യൂസിലൻഡിന്‌റെ സഹായഹഹസ്തം

വെല്ലിങ്‌ടണ്‍: കൊവിഡ് മഹാമാരി ഇന്ത്യയെ  പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിൽ രാജ്യത്തിന് സഹായ ഹസ്തവുമായി ന്യൂസിലൻഡ്.  ഇന്ത്യ നേരിടുന്ന വിനാശകരമായ കൊവിഡ് സാഹചര്യത്തിൽ ഇന്ത്യയ്ക്ക് പിന്തുണ നൽകുന്നതായി ന്യൂസിലൻഡ് വിദേശകാര്യ മന്ത്രി നാനയ മഹുത പറഞ്ഞു.

ഈ ദുഷ്‌കരമായ സമയത്ത് ഞങ്ങൾ ഇന്ത്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. ജീവൻ രക്ഷിക്കാൻ കഠിനമായി പരിശ്രമിക്കുന്ന ഇന്ത്യയുടെ മുൻ‌നിര ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും അശ്രാന്ത പരിശ്രമത്തെ അഭിനന്ദിക്കുന്നുവെന്നും മഹുത പറഞ്ഞു.

ഓക്സിജൻ സിലിണ്ടറുകൾ, ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, മറ്റ് നിർണായക മെഡിക്കൽ സപ്ലൈകൾ എന്നിവ നൽകാൻ ഇന്‍റർനാഷണൽ റെഡ് ക്രോസ് ഫെഡറേഷൻ (ഐഎഫ്ആർസി) പ്രാദേശിക ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റിയുമായി നേരിട്ട് ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു. ആംബുലൻസുകളും രക്തസേവനവും നൽകിക്കൊണ്ട് ഐഎഫ്ആർസി ഇന്ത്യയിലുടനീളം അടിയന്തര പ്രവർത്തനങ്ങൾ വർധിപ്പിക്കുകയാണെന്നും ആവശ്യത്തിനനുസരിച്ച് വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളും ശുചിത്വ കിറ്റുകളും വിതരണം ചെയ്യുമെന്നും മഹുത പറഞ്ഞു.

ഇന്ത്യയിലെ ജനങ്ങൾക്ക് ദുഖകരവും വെല്ലുവിളി നിറഞ്ഞതുമായ സമയമാണിതെന്നും കൊവിഡ് മഹാമാരിയുടെ പ്രത്യാഘാതത്തെ ചെറുക്കാൻ തങ്ങൾ അന്താരാഷ്ട്ര സമൂഹത്തോടൊപ്പം പ്രവർത്തിക്കുമെന്നും നാനയ മഹുത കൂട്ടിച്ചേർത്തു.

 

Top