ന്യൂസീലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ മികച്ച നിലയിൽ

കാൻപുർ : ന്യൂസീലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ മികച്ച നിലയിൽ. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ഒന്നാം ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ 29 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 82 റൺസ് എന്ന നിലയിലാണ്. ഓപ്പണർ ശുഭ്മൻ ഗില്ലിന്റെ അർധസെഞ്ചുറിയാണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചത്. ടെസ്റ്റിലെ നാലാം അർധസെഞ്ചുറി കുറിച്ച ഗിൽ 52 റൺസുമായി പുറത്താകാതെ നിൽക്കുന്നു. 15 റൺസുമായി വൈസ് ക്യാപ്റ്റൻ ചേതേശ്വർ പൂജാരയാണ് ഒപ്പമുള്ളത്. പിരിയാത്ത രണ്ടാം വിക്കറ്റിൽ ഇരുവരും 127 പന്തിൽ 61 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്.

ഇതുവരെ 87 പന്തുകൾ നേരിട്ട ഗിൽ അഞ്ച് ഫോറും ഒരു സിക്സും സഹിതമാണ് 52 റൺസെടുത്തത്. 61 പന്തുകൾ നേരിട്ട പൂജാരയാകട്ടെ, ഒരു ബൗണ്ടറിയുടെ പോലും അകമ്പടിയില്ലാതെയാണ് 15 റൺസെടുത്തത്.

ഓപ്പണർ മയാങ്ക് അഗർവാളാണ് ഇന്ത്യൻ നിരയിൽ പുറത്തായത്. 28 പന്തിൽ 13 റൺസെടുത്ത അഗർവാളിനെ കൈൽ ജാമിസൻ പുറത്താക്കി. രണ്ടു ഫോറുകൾ ഉൾപ്പെടുന്നതാണ് അഗർവാളിന്റെ ഇന്നിങ്സ്. ഓപ്പണിങ് വിക്കറ്റിൽ ഗിൽ – അഗർവാൾ സഖ്യം 21 റൺസ് കൂട്ടിച്ചേർത്തു.

നേരത്തെ, വിരാട് കോലിയുടെ അസാന്നിധ്യത്തിൽ ഇന്ത്യയെ നയിക്കുന്ന അജിൻക്യ രഹാനെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. സ്പിന്നിനെ തുണയ്ക്കുമെന്ന് കരുതുന്ന പിച്ചിൽ മൂന്നു സ്പിന്നർമാരുമായാണ് ഇന്ത്യയുടെ പടപ്പുറപ്പാട്. രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവർക്കൊപ്പം അക്ഷർ പട്ടേലിനും ടീമിൽ ഇടംലഭിച്ചു. ശ്രേയസ് അയ്യർ ഇന്ന് ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു. ഇഷാന്ത് ശർമ, ഉമേഷ് യാദവ് എന്നിവരാണ് പേസ് ബോളർമാർ

ന്യൂസീലൻഡ് നിരയിൽ രണ്ടു സ്പിന്നർമാരുണ്ട്. അജാസ് പട്ടേൽ, വിൽ സോമർവിൽ എന്നിവരാണ് കിവീസിനായി സ്പിൻവിഭാഗം കൈകാര്യം ചെയ്യുക. കെയ്ൻ വില്യംസൻ നയിക്കുന്ന ടീമിലേക്ക് കൈൽ ജാമിസനും തിരിച്ചെത്തി. ന്യൂസീലൻഡിനായി ഇന്ത്യൻ വംശജനായ ഓൾറൗണ്ടർ രചിൻ രവീന്ദ്രയും ഇന്ന് ടെസ്റ്റ് അരങ്ങേറ്റം കുറിച്ചു.

സ്പിൻ കരുത്തിൽ ന്യൂസീലൻഡിനെ മുട്ടുകുത്തിക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. ഇംഗ്ലണ്ടിൽ നടന്ന പ്രഥമ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ ദയനീയമായി കീഴടങ്ങിയശേഷം ആദ്യമായാണ് ഇന്ത്യ അതേ ഫോർമാറ്റിൽ കിവീസിനെ നേരിടുന്നത്. പരിശീലകനായുള്ള രാഹുൽ ദ്രാവിഡിന്റെ അരങ്ങേറ്റ ടെസ്റ്റാണിത്. ഐസിസി ടെസ്റ്റ് ചാംപ്യൻഷിപ് 2–ാം സീസണിൽ ഇന്ത്യയുടെ 2–ാം പരമ്പരയാണിത്. ആദ്യത്തേത് ഇംഗ്ലണ്ടിനെതിരെ. പുതിയ സീസണിൽ കിവീസിന് ഇത് ആദ്യ പരമ്പരയാണ്. പോയിന്റ് പട്ടികയിൽ നിലവി‍ൽ ഇന്ത്യയാണു മുന്നിൽ (2 വിജയം, ഒരു തോൽവി, ഒരു സമനില).

Top