നാലാം ഏകദിനം; ഇന്ത്യയെ തകര്‍ത്തെറിഞ്ഞ് ന്യൂസിലണ്ട്

ഹാമില്‍ട്ടണ്‍: പരാജയം സമ്മതിച്ച് ഇന്ത്യ. ഏകദിനത്തില്‍ ന്യൂസിലണ്ടിന് 93 റണ്‍സ് വിജയലക്ഷ്യം. അഞ്ച് വിക്കറ്റ് എടുത്ത ട്രെന്റ് ബോള്‍ട്ടടക്കമുള്ള ന്യൂസിലണ്ട് ബൗളര്‍മാര്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തതോടെ നാലാം ഏകദിനത്തില്‍ ഇന്ത്യ 30.5 ഓവറില്‍ പുറത്തായി. 18 റണ്‍സെടുത്ത് പൊരുതിയ യുസ്വേന്ദ്ര ചാഹലാണ് ടോപ് സ്‌കോറര്‍. ബോള്‍ട്ട് 10 ഓവറില്‍ 21 റണ്‍സിന് അഞ്ചും ഗ്രാന്‍ഡ്ഹോം 26ന് മൂന്നും വിക്കറ്റും വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ ധവാനെ(13) ആറാം ഓവറിലെ അഞ്ചാം പന്തില്‍ ബോള്‍ട്ട് എല്‍ബിയില്‍ പുറത്താക്കി. 200-ാം ഏകദിനം കളിച്ച നായകന്‍ രോഹിത് ശര്‍മ്മയ്ക്കും തിളങ്ങാനായില്ല. എട്ടാം ഓവറിലെ അവസാന പന്തില്‍ ഹിറ്റ്മാനെ(7) ബോള്‍ട്ട് സ്വന്തം പന്തില്‍ ക്യാച്ചെടുത്ത് പുറത്താക്കി. എട്ട് ഓവറില്‍ 23 എന്ന സ്‌കേര്‍ നിലയില്‍ നില്‍ക്കുമ്പോഴാണ് ഓപ്പണര്‍മാര്‍ പുറത്തായത്.

11-ാം ഓവറില്‍ റായുഡുവിനെയും(0) വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കിനെയും(0) മടക്കി ഡ്രാന്‍ഡ്ഹോം ആഞ്ഞടിച്ചു. ഗപ്റ്റിലിന്റെ കൈകളില്‍ റായുഡു അവസാനിച്ചപ്പോള്‍ കാര്‍ത്തിക് ലഥാമില്‍ അവസാനിച്ചു. എന്നാല്‍ 12-ാം ഓവറിലെ അവസാന പന്തില്‍ ഗില്ലിനെയും(9) പുറത്താക്കി ബോള്‍ട്ട് ഇന്ത്യയെ ഞെട്ടിച്ചു. 13 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ അഞ്ച് വിക്കറ്റിന് 35 റണ്‍സ്.

13-ാം ഓവറിലെ ആദ്യ പന്തില്‍ കേദാര്‍ ജാദവ്(1) എല്‍ബിയില്‍ പുറത്ത്. പിന്നീട് പാണ്ഡ്യക്കൊപ്പം ഭുവി ക്രീസില്‍ നിലയുറപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും ഫലം കണ്ടില്ല. പാണ്ഡ്യയെയും ക്രീസില്‍ അധികസമയം നിലനിര്‍ത്താന്‍ ബോള്‍ട്ട് അനുവദിച്ചില്ല. 20-ാം ഓവറിലെ നാലാം പന്തില്‍ പാണ്ഡ്യയെ(16) പുറത്താക്കി ബോള്‍ട്ട് അഞ്ച് വിക്കറ്റ് തികച്ചു. 30-ാം ഓവറില്‍ ആഷില്‍ പുറത്താക്കുമ്പോള്‍ കുല്‍ദീപ് 15 റണ്‍സെടുത്തിരുന്നു. തൊട്ടടുത്ത ഓവറില്‍ ഖലീലിനെ(5) ബൗള്‍ഡാക്കി നീഷാന്‍ ഇന്ത്യന്‍ ഇന്നിംഗ്സ് അവസാനിപ്പിച്ചു. ചാഹല്‍ 37 പന്തില്‍ 18 റണ്‍സുമായി പുറത്താകാതെ നിന്നു.

Top