ന്യൂഡല്‍ഹി: കൊറോണ പടരുന്ന സാഹചര്യത്തില്‍ എല്ലാ രാജ്യവും തങ്ങളുടെ പൗരന്മാരെ രക്ഷിക്കാനുള്ള ശ്രമിത്തിലാണ്. ഇന്ത്യന്‍ ഭരണകൂടവും ശക്തമായ നിടപടികളാണ് വൈറസിനെ തടയാന്‍ സ്വീകരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ മാലിദ്വീപിനേയും വൈറസിന്റെ പിടിയില്‍ നിന്ന് രക്ഷിക്കാനുള്ള ദൗത്യം ഏറ്റെടുത്തിരിക്കുകയാണ് ഇന്ത്യ.
കൊവിഡ്- 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രതിരോധവകുപ്പിന്റെ 14അംഗ മെഡിക്കല്‍ സംഘം മാലിദ്വീപിലേക്ക് തിരിച്ചു. സഹായം വേണമെന്ന് അവര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സംഘം പുറപ്പെട്ടത്. കര സേന, നാവിക സേന, വ്യോമ സേന അംഗങ്ങള്‍, ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ ടീം എന്നിവര്‍ ഈ സംഘത്തിലുണ്ട്. ഇന്ത്യയെ പോലെ തന്നെ മാലിദ്വീപിലേയും ജനതയെ സംരക്ഷിക്കാന്‍ കഴിയുമെന്നാണ് സംഘത്തിന്റെ പ്രതീക്ഷ.
നേരത്തെ മാസ്‌കുകളും മറ്റ് സുരക്ഷാ കവചങ്ങളും വേണമെന്ന ആവശ്യം മാലിദ്വീപ് സര്‍ക്കാര്‍ ഇന്ത്യയെ അറിയിച്ചിരുന്നു. മാലിദ്വീപിന് പുറമെ ഭൂട്ടാനും ഇറാനും ഇറ്റലിയും ഇതേ ആവശ്യം ഉന്നയിച്ച് ഇന്ത്യയെ സമീപിച്ചിരുന്നു. അതേസമയം തങ്ങളാല്‍ കഴിയുന്ന സഹായം ചെയ്യാന്‍ ഇന്ത്യന്‍ ഭരണകൂടം തയ്യാറാണെന്നും ആവശ്യങ്ങള്‍ പരിഗണിച്ച് വരികയാണെന്നും വിദേശ കാര്യമന്ത്രാലയ വക്താവ് രവീശ് കുമാര്‍ പറഞ്ഞു.
നേരത്തെ ചൈനയില്‍ അകപ്പെട്ട ഇന്ത്യക്കാരെ ഡല്‍ഹിയില്‍ എത്തിക്കുന്ന കൂട്ടത്തില്‍ മാലിദ്വീപിലെ പൗരന്മാരും ഉണ്ടായിരുന്നു. തുടര്‍ന്ന് തങ്ങളുടെ ജനതയെ സുരക്ഷിതരാക്കി എത്തിച്ചതിന് മാലിദ്വീപ് സര്‍ക്കാര്‍ ഇന്ത്യന്‍ സര്‍ക്കാരിന് നന്ദി അറിയിച്ചിരുന്നു.
മറ്റൊരു രാജ്യത്തേക്ക് അവരുടെ ആവശ്യപ്രകാരം അടുത്ത കാലത്ത് പോകുന്ന ആദ്യ മെഡിക്കല്‍ സംഘം കൂടിയാണ് ഇന്ത്യയുടേത്.