മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്ക് അധിക സംവരണം; താരമാകാന്‍ ‘മഹാരാഷ്ട്രയിലെ മഹാ സഖ്യം’

മുംബൈ: വീണ്ടും താരമായി മഹാരാഷ്ട്ര മഹാ വികാസ് അഘാടി സര്‍ക്കാര്‍. ഇത്തവണ മുസ്ലീം വിദ്യാര്‍ത്ഥികളെയാണ് സര്‍ക്കാര്‍ ലക്ഷ്യംവെച്ചിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ചുശതമാനം അധിക സംവരണം ഏര്‍പ്പെടുത്തുന്നു. ഇതു സംബന്ധമായ ബില്‍ മഹാ സഖ്യസര്‍ക്കാര്‍ ഉടന്‍ പാസാക്കുമെന്നും വിവരം ലഭിക്കുന്നുണ്ട്.

ന്യൂനപക്ഷ കാര്യമന്ത്രി നവാബ് മാലിക് ആണ് ഇക്കാര്യം അറിയിച്ചത്. നിലവിലുള്ള സംവരണ സീറ്റുകളുടെ എണ്ണത്തിനൊപ്പം അഞ്ചുശതമാനം സീറ്റുകള്‍ കൂട്ടിച്ചേര്‍ക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.

അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ഇതുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മാത്രമല്ല, തൊഴില്‍ മേഖലയിലും സംവരണം കൊണ്ടുവരുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിയമോപദേശം തേടിയിരിക്കുകയാണെന്നും മാലിക് അറിയിച്ചു.

കോണ്‍ഗ്രസ് നിയമസഭാംഗം ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുന്നതിനിടെയാണ് മുസ്ലീം സംവരണം വര്‍ധിപ്പിച്ചതിനെ കുറിച്ച് മാലിക് അറിയിച്ചത്.

Top