സൗജന്യ മാസ്‌ക് നല്‍കി ടാക്‌സി ഡ്രൈവര്‍; ഇത് വൈറല്‍ ആകാനല്ല, വൈറസിനെ അകറ്റാന്‍

ബംഗളൂരു: ആഗോളതലത്തില്‍ തന്നെ ഭീഷണി പരത്തിയിരിക്കുകയാണ് കൊറോണ വൈറസ്. എല്ലാ രാജ്യക്കാരും ആ പേടിയിലാണ് ജീവിക്കുന്നത്. കൊറോണ വരും എന്ന മുന്‍കരുതലില്‍ പലരും ആദ്യമേ തന്നെ മാസ്‌കുകള്‍ എല്ലാം കരുതിയിരിക്കുകയാണ്. അതേസനമയം കേരളത്തിലടക്കം പലയിടത്തും മാസ്‌കുകള്‍ക്ക് കടുത്ത ക്ഷാമം അനുഭവപ്പെടാനും തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഒരു ഊബര്‍ ടാക്‌സി ഡ്രൈവര്‍ ചെയ്ത നന്മ നിറഞ്ഞ പ്രവര്‍ത്തിയാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ചാവിഷയം.

തന്റെ വാഹനത്തില്‍ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് ഈ ഡ്രൈവര്‍ സൗജന്യമായി മാസ്‌ക്ക് വിതരണം ചെയ്യുന്നു. അസം ഖാന്‍ എന്ന നാല്‍പതുകാരനാണ് ഇപ്പോള്‍ ഈ പുണ്യപ്രവര്‍ത്തിയിലൂടെ ജനശ്രദ്ധപിടിച്ചു പറ്റിയിരിക്കുന്നത്. ഇത് മുന്‍കരുതല്‍ മാത്രമല്ല, ഒരു മുന്നറിയിപ്പ് കൂടിയാണ്.

കഴിഞ്ഞ നാല്‍പത് വര്‍ഷകാലമായി അസം ഖാന്‍ ബംഗളൂരുവില്‍ ടാക്‌സി ഡ്രൈവര്‍ ആയി ജോലി ചെയ്യുകയാണ്.

‘ഒരാഴ്ച മുമ്പ് ഒരു യാത്രക്കാരന്‍ എന്റെ കാറില്‍ കയറുകയും അയാള്‍ ഒരു മുഖാവരണം നല്‍കുകയും ചെയ്തു. ഒരു അപരിചിതന്‍ എന്റെ ആരോഗ്യ കാര്യത്തില്‍ കാണിച്ച ശ്രദ്ധ എന്നെ ഒരുപാട് ചിന്തിപ്പിച്ചു. അങ്ങനെയാണ് യാത്രക്കാര്‍ക്ക് മാസ്‌ക് നല്‍കാന്‍ ഞാന്‍ തീരുമാനിച്ചത്. ഈ വൈറസിനെ പ്രതിരോധിക്കുകയെന്നത് ഒരോരുത്തരുടെയും കടമയാണ്. അതിനായി ഞാന്‍ എന്റെ ഉത്തരവാദിത്വം നിര്‍വ്വഹിക്കുന്നു,’ അസം ഖാന്‍ പറഞ്ഞു.

കൊറോണ വൈറസ് ഇന്ത്യയില്‍ ബാധിച്ചെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് ഓരോരുത്തരും ഇത്രയും ജാഗ്രത പാലിക്കാന്‍ തുടങ്ങിയത്. അസം ഖാന്‍ മാര്‍ച്ച് ഒന്ന് മുതലാണ് മാസ്‌ക് വിതരണം തുടങ്ങിയത്. ഒരു ദിവസം കുറഞ്ഞത് 10 മാസ്‌കുകള്‍ വരെ ഇയാള്‍ വിതരണം ചെയ്യും. 20 മുതല്‍ 30 വരെ വില നല്‍കിയാണ് ഒരോ മാസ്‌കുകളും അസംഖാന്‍ വാങ്ങുന്നത്. എന്നാല്‍ യാത്രക്കാര്‍ക്ക് സൗജന്യമായി നല്‍കുകയും ചെയ്യും.

‘യാത്രക്കാര്‍ക്ക് മുഖാവരണം നല്‍കുമ്പോള്‍ പലരും വില എത്രയാണെന്ന് ചോദിക്കാറുണ്ട്. ചിലര്‍ വില നല്‍കാറുണ്ട്. കഴിഞ്ഞ ദിവസം മുഖാവരണം എടുക്കാന്‍ മറന്നു. യാത്രക്കിടെ വഴിയരിക്കില്‍ കാര്‍ നിര്‍ത്തി വാങ്ങിച്ച ശേഷമാണ് യാത്ര തുടര്‍ന്നത്,’ അസം ഖാന്‍ പറയുന്നു. ജോലി കഴിഞ്ഞ് എത്തിയാല്‍ കുളിക്കാതെ വീട്ടില്‍ കയറില്ലെന്നും ഖാന്‍ പറഞ്ഞു.

വൈറസിനെ തടയേണ്ടത് ഓരോരുത്തരുടേയും കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്നാണ് ഈ ടാക്‌സി ഡ്രൈവര്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.

Top