‘തന്നെ പരിഹസിച്ചവര്‍ക്ക് ഭഗവാന്‍ നല്‍കിയ കൂലി’; കൊറോണയില്‍ ഇന്ത്യക്കെതിരെ നിത്യാനന്ദ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊറോണ വൈറസ് ഭീതി പടര്‍ത്തുന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രതാ നിര്‍ദേശവും മുന്‍ കരുതലുകളുമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. എന്നാല്‍ സര്‍ക്കാരിനെ പരിഹസിക്കുന്ന തരത്തില്‍ പ്രസ്താവനയുമായി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുകയാണ് വിവാദ ആള്‍ദൈവം നിത്യാനന്ദ.

‘കൈലാസം എന്ന പേരില്‍ രാജ്യമുണ്ടാക്കി ഞാന്‍ ഏകാന്തജീവിതം ആരംഭിച്ചപ്പോള്‍ ചില ഇന്ത്യക്കാര്‍ എന്നെ നോക്കി ചിരിച്ചു, ചിലര്‍ പരിഹസിച്ചു. എന്നാല്‍ ഇപ്പോള്‍ ലോകമാകെ സാമൂഹികമായ ഇടപെടലില്‍ അകലം പാലിക്കുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. പരമശിവന്‍ ഞങ്ങളെ രക്ഷിച്ചു. അതാണ് ദൈവത്തിന്റെ ശക്തി’- നിത്യാനന്ദ പറഞ്ഞു.

ഇക്വഡോറില്‍ കൈലാസം എന്ന പേരില്‍ സ്വന്തമായി രാജ്യം സ്ഥാപിക്കുകയും സ്ത്രീകളെയും പുരുഷന്മാരേയും പീഢനത്തിന് ഇരയാക്കുകയും ചെയ്ത നിത്യാനന്ദ രാജ്യം വിട്ടതും വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സ്വയം പ്രഖ്യാപിത ആള്‍ ദൈവമായ നിത്യാന്ദയ്ക്ക് കോടികളുടെ ആസ്തി ഉള്ളതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. രാജ്യം വിട്ടെങ്കിലും ഫെയ്‌സ് ബുക്ക്, ട്വിറ്റര്‍ തുടങ്ങീ സോഷ്യല്‍മീഡിയകളില്‍ നിത്യാനന്ദ ദിവസവും പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. അനുയായികളുമായി സംസാരിക്കുന്നതും വിവിധ പ്രഭാഷണങ്ങളുമാണ് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്.

എന്നാല്‍ നിത്യാനന്ദ ഇപ്പോഴും തന്റെ കൈലാസത്തില്‍ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് പല വെളിപ്പെടുത്തലുകളും സൂചിപ്പിക്കുന്നത്.

Top