പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് ഇനി? നിലപാട് വ്യക്തമാക്കി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചുവരാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന സൂചന രാഹുല്‍ ഗാന്ധി നല്‍കിയതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

‘നേതൃകാര്യത്തില്‍ എന്റെ നിലപാട് ഞാന്‍ വ്യക്തമാക്കിയതാണ്. കത്തില്‍ എല്ലാ കാര്യവും വ്യക്തമായി പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ പാര്‍ട്ടി പ്രസിഡന്റായി ഞാന്‍ തിരിച്ചെത്തുമോ എന്ന ചോദ്യത്തിന് പോലും പ്രസക്തിയില്ല’ ഇങ്ങനെയാണ് രാഹുല്‍ പ്രതികരിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം ഏപ്രിലില്‍ നടക്കുന്ന പാര്‍ട്ടി പ്ലീനറിയില്‍ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കും.

2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനമൊഴിയുന്നത്. തുടര്‍ന്ന് ഇടക്കാല പ്രസിഡന്റായി സോണിയ ഗാന്ധി ചുമതല ഏറ്റെടുക്കുകയായിരുന്നു. നേരത്തെ നെഹ്‌റു കുടുംബത്തിന് പുറത്ത് നിന്ന് അധ്യക്ഷനെ കണ്ടെത്തണമെന്നും സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും അധ്യക്ഷ സ്ഥാനമേറ്റെടുക്കുന്നതിനോട് യോജിപ്പില്ലെന്നും രാഹുല്‍ വ്യക്തമാക്കിയിരുന്നു.

രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നിരുന്നെങ്കിലും അദ്ദേഹം പ്രതികരിച്ചിരുന്നില്ല. രാഹുല്‍ തന്നെ ആ സ്ഥാനം അലങ്കരിക്കണമെന്ന് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെല്ലാം പറഞ്ഞിരുന്നു.

Top