വിങ്ങലായി പുല്‍വാമ; ചാവേറിന് അഭയം കൊടുത്ത അച്ഛനും മകളും അറസ്റ്റില്‍

ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണം നടത്തിയ ചാവേറിന് അഭയം കൊടുത്ത അച്ഛനും മകളും അറസ്റ്റില്‍. ആക്രമണം നടത്തിയ ആദില്‍ അഹമ്മദ് ദര്‍ ഉള്‍പ്പടെയുള്ളവര്‍ക്കാണ് താരിഖ് അഹമ്മദ് ഷാ (50), ഇന്‍ഷാ ജാന്‍ (23) എന്നിവര്‍ അഭയം നല്‍കിയത്. ഇരുവരേയും ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റുചെയ്തു.

ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടന, പാകിസ്താനില്‍ നിന്ന് പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങള്‍, ഇവരുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നതായി എന്‍ഐഎ വൃത്തങ്ങള്‍ പറഞ്ഞു. ആക്രമണം നടത്തിയ ചാവേറിന്റെ ദൃശ്യങ്ങളടങ്ങിയ വീഡിയോ ആയിരുന്നു അത്.

തിങ്കളാഴ്ച രാത്രിയാണ് ഇവരുടെ വീട്ടില്‍ അന്വേഷണ സംഘം റെയ്ഡ് നടത്തിയത്. തുടര്‍ന്ന് എന്‍ഐഎ സംഘം ചൊവ്വാഴ്ച രാവിലെ ഇരുവരെയും അറസ്റ്റുചെയ്യുകയായിരുന്നു.

2019 ഫെബ്രുവരി 14നാണ് ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന്മാര്‍ സഞ്ചരിച്ചിരുന്ന സൈനിക വാഹനത്തിലേക്ക് ചാവേര്‍, സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഇടിച്ചുകയറ്റിയത്. 44 സിആര്‍പിഎഫ് ജവാന്‍മാരായിരുന്നു അന്നു കൊല്ലപ്പെട്ടത്.

അതേസമയം, ഷക്കീര്‍ മാഗ്രെ എന്ന ഭീകരനെ ദേശീയ അന്വേഷണ ഏജന്‍സി നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അഭയം നല്‍കിയ വീട്ടുകാരെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നത്. പുല്‍വാമ ഭീകരാക്രമണം നടന്ന് ഒരു വര്‍ഷത്തിനു ശേഷമാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടുള്ളത്.

Top