രാജ്യത്തിന് പ്രധാനം സ്ത്രീകളുടെ സുരക്ഷ, അഭിമാനം; നിര്‍ഭയക്ക് നീതി കിട്ടി, മോദി

നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റിയതിന് പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. നിര്‍ഭയ കേസില്‍ നീതി നടപ്പാക്കപ്പെട്ടുവെന്നാണ് അദ്ദേഹം പറഞ്ഞത്. സ്ത്രീകളുടെ അഭിമാനവും സുരക്ഷയുമാണ് രാജ്യത്ത് ഏറ്റവും പ്രധാനമെന്നും മോദി കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ സന്തോഷം പങ്കുവെച്ചത്.

അതേസമയം, എല്ലാ മേഖലയിലും സ്ത്രീശക്തി വര്‍ധിച്ചതായും സ്ത്രീ ശാക്തീകരണത്തില്‍ അധിഷ്ഠിതമായ ഒരു രാജ്യം നമുക്ക് ഒന്നിച്ച് നിര്‍മ്മിക്കാമെന്നും അദ്ദേഹം കുറിച്ചു.

നിരവധി നാടകീയ രംഗങ്ങള്‍ക്ക് ശേഷമാണ് നിര്‍ഭയക്ക് നീതി ലഭിച്ചത്. കഴിഞ്ഞ അര്‍ധരാത്രിയില്‍ ഡല്‍ഹി ഹൈക്കോടതിയിലും പിന്നീട് പുലര്‍ച്ചെ മൂന്നര വരെ സുപ്രീം കോടതിയിലും പ്രതികളുടെ വധശിക്ഷ തടയണം എന്നാവശ്യപ്പെട്ടുള്ള വാദം നടന്നിരുന്നു. എന്നാല്‍ ഇത്തവണ പ്രതികള്‍ക്ക് രക്ഷപ്പെടാനായില്ല. അവസാന ഹര്‍ജിയും സുപ്രീംകോടതി തള്ളുകയായിരുന്നു. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ കൃത്യം 5.30-ന് നാല് പ്രതികളുടേയും വധശിക്ഷ നടപ്പാക്കി.

തുടര്‍ന്ന് 5.31-ന് പ്രതികള്‍ മരിച്ചെന്ന് ജയില്‍ അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. എന്നിരുന്നാലും അരമണിക്കൂര്‍ നേരം ഇവരുടെ മൃതദേഹം കഴുമരത്തില്‍ തന്നെ വെച്ചിരുന്നു. ശേഷമാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാല്‍, ഇവരുടെ മരണവാര്‍ത്ത പുറത്ത് വന്നപ്പോള്‍ തീഹാര്‍ ജയിലിന് മുന്നില്‍ ആഹ്‌ളാദാരവങ്ങള്‍ മുഴങ്ങുകയായിരുന്നു.

Top