കേസ് കുത്തിപ്പൊക്കി; കത്രികപൂട്ടുമായി കമല്‍ നാഥ്, വിവരം അറിയുമെന്ന് സിന്ധ്യയുടെ ഭാഗം

കാലുമാറിയ സിന്ധ്യക്ക് പണികൊടുക്കാനൊരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍. ഒരു സ്ഥലം വിറ്റതില്‍ സിന്ധ്യ ക്രമക്കേട് നടത്തിയെന്ന് ചൂണ്ടിക്കാട്ടി സുരേന്ദ്ര ശ്രീവാസ്തവ എന്നയാള്‍ നല്‍കിയ പരാതി ഇപ്പോള്‍ കുത്തിപ്പൊക്കിയിരിക്കുകയാണ്.

സിന്ധ്യ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന് മണിക്കൂറുകള്‍ മാത്രം പിന്നിട്ടിരിക്കുന്ന വേളയിലാണ് പഴയ കേസ് വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. ഇക്കോണമിക് ഒഫന്‍സസ് വിംഗ് അധികൃതരാണ് അന്വേഷണം നടത്താന്‍ ഉത്തരവായ വിവരം അറിയിച്ചത്. 2014 മാര്‍ച്ച് 26നായിരുന്നു ശ്രീവാസ്തവ ഈ പരാതി നല്‍കിയിരുന്നത്. എന്നാല്‍, അന്വേഷണത്തിന് ശേഷം 2018ല്‍ ഈ കേസ് അവസാനിപ്പിക്കുകയായിരുന്നു.

ഇപ്പോള്‍ തെളിവുകള്‍ വീണ്ടും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അതേ പരാതിക്കാരന്‍ തന്നെയാണ് രംഗത്ത് വന്നിരിക്കുന്നത്. രജിസ്റ്റര്‍ ചെയ്ത ഒരു രേഖയില്‍ സിന്ധ്യയും കുടുംബവും കൃത്രിമം കാണിച്ചുവെന്നാണ് പരാതി. 2009ലാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നത്. കരാര്‍ പ്രകാരമുള്ള കണക്കില്‍ നിന്ന് 6000 ചതുരശ്ര അടി കുറച്ച് കാണിക്കുകയും വ്യാജ രേഖ ചമക്കുകയും ചെയ്‌തെന്നാണ് കേസ്.

അതേസമയം, സിന്ധ്യയോടുള്ള വ്യക്തിവൈരാഗ്യമാണ് പുനരന്വേഷണം നടത്തുന്നാന്‍ ഇടയാക്കിയതെന്ന് സിന്ധ്യയോട് അടുപ്പമുള്ള പങ്കജ് ചതുര്‍വേദി പറഞ്ഞു. മാത്രമല്ല പക വീട്ടിയ കമല്‍ നാഥ് സര്‍ക്കാര്‍ ഇതിന്റെ ഫലം അനുഭവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്രമന്ത്രി പദവിയാണ് സിന്ധ്യക്ക് മുന്നില്‍ കാവിപ്പട വെച്ചുനീട്ടിയിരിക്കുന്നത്. രണ്ട് ദിവസത്തിനുള്ളില്‍ കേന്ദ്രമന്ത്രി സഭാ പുനഃസംഘടനയുണ്ടാകുമെന്ന് സൂചനയുണ്ട്.

ബിജെപിയിലേക്ക് ചേക്കേറിയ സിന്ധ്യ മോദിയേയും അമിത് ഷായേയും വാനോളം പുകഴ്ത്തിയിരുന്നു. ഇത് കോണ്‍ഗ്രസിന് അത്ര ദഹിച്ചിട്ടില്ല. ‘മോദിയുടെ കയ്യില്‍ രാജ്യം സുരക്ഷിതമാണ്. കോണ്‍ഗ്രസ് ഇന്ന് പഴയ പോലല്ല. ഒരിക്കലും ഇനി പഴയ പോലെയാവുകയുമില്ല. ഗതകാലസ്മരണയില്‍ ഇപ്പോഴത്തെ തകര്‍ച്ച തിരിച്ചറിയാതെ തുടരുകയാണ് കോണ്‍ഗ്രസ്. അഴിമതിക്കൂടാരമാണ് മധ്യപ്രദേശ് സര്‍ക്കാര്‍. കര്‍ഷകപ്രശ്‌നങ്ങളോ അഴിമതിയോ ഒന്നും തടയാനാകാത്ത വിധം അഴിമതിയുടെ കൂടായി കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മാറി’, എന്ന് ജ്യോതിരാദിത്യ പറഞ്ഞിരുന്നു.

ഇതെല്ലാമാണ് കമല്‍ നാഥിനേയും കോണ്‍ഗ്രസിനേയും ഇപ്പോള്‍ ചൊടിപ്പിച്ചിരിക്കുന്നത്. മാത്രമല്ല രാജ്യ സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ കേസ് കുത്തിപൊക്കിയാല്‍, കാവിപ്പട സിന്ധ്യയെ പാളയത്തിലേക്ക് അടുപ്പിക്കാന്‍ എടുത്ത എല്ലാ ശ്രമങ്ങളും വിഫലമാകും. സിന്ധ്യക്കുള്ള കത്രിക പൂട്ടായി ഈ സംഭവം മാറുകയും ചെയ്യും.

Top