ഹര്‍ജികളെല്ലാം തള്ളി, നാളെ വിധി നടപ്പാക്കും; നിര്‍ഭയയുടെ പ്രതികള്‍ നാളെ തൂക്കിലേക്ക്

ന്യൂഡല്‍ഹി: വിവാദമായ നിര്‍ഭയ കേസിലെ പ്രതികളെ നാളെ തന്നെ തൂക്കിലേറ്റും. പുലര്‍ച്ചെ 5.30 നാണ് കൃത്യം നിര്‍വ്വഹിക്കുക. അതേസമയം, ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതികളുടെ ഹര്‍ജികള്‍ ഡല്‍ഹി പട്യാല ഹൗസ് കോടതി തള്ളിയിരുന്നു.

മരണവാറന്റിന് സ്റ്റേ ആവശ്യപ്പെട്ട് മുകേഷ് സിംഗും അക്ഷയ് സിംഗ് ഠാക്കൂറും കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതാണ് ഡല്‍ഹി കോടതി ഇന്ന് തള്ളിയത്. കൂടാതെ മറ്റൊരു പ്രതിയായ പവന്‍ ഗുപ്ത സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതിയും ഇന്ന് തള്ളിയിരുന്നു. തുടര്‍ന്ന് നാളെ നടക്കുന്ന പ്രതികളുടെ വധ ശിക്ഷ ഉറപ്പിക്കുന്ന സാഹചര്യമാണുള്ളത്.

സംഭവം നടക്കുമ്പോള്‍ താന്‍ ഡല്‍ഹിയില്‍ ഉണ്ടായിരുന്നില്ലെന്നാണ് മുകേഷ് സിംഗ് ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. തന്നെ സംഭവം നടന്നതിന്റെ അടുത്ത ദിവസം രാജസ്ഥാനില്‍ നിന്നാണ് അറസ്റ്റ് ചെയ്തതെന്നും താന്‍ നിരപരാധിയാണെന്നുമായിരുന്നു മുകേഷ് സിംഗ് പറഞ്ഞിരുന്നത്.

അതേസമയം, കുറ്റം ചെയ്യുമ്പോള്‍ പ്രായപൂര്‍ത്തിയായിരുന്നില്ലെന്നും ശിക്ഷയില്‍ ഇളവ് ലഭിക്കണം എന്നുമായിരുന്നു പവന്‍ ഗുപ്ത ആവശ്യപ്പെട്ടത്. സുപ്രീംകോടതിയുടെ ആറംഗ ബഞ്ചാണ് പവന്‍ ഗുപ്തയുടെ തിരുത്തല്‍ ഹര്‍ജി തള്ളിയത്. ഈ ആവശ്യം ഉന്നയിച്ചുള്ള ഹര്‍ജി ജനുവരി 20നും പുനപരിശോധന ഹര്‍ജി ജനുവരി 31നും സുപ്രീംകോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ഈ വിധിക്കെതിരെ തിരുത്തല്‍ ഹര്‍ജി നല്‍കിയത്.

തീഹാര്‍ ജയിലില്‍ പ്രത്യേക സെല്ലുകളിലാണ് നാല് കുറ്റവാളികളുമുള്ളത്. സിസിടിവി ക്യാമറകളിലൂടെ മുഴുവന്‍ സമയവും ഇവരെ നിരീക്ഷിക്കുന്നുണ്ട്.

Top