ഭയമല്ല, മുന്‍കരുതലാണ് വേണ്ടത്, അനാവശ്യയാത്രകള്‍ ഒഴിവാക്കൂ ജനങ്ങളോട് മോദി

ന്യൂഡല്‍ഹി: കൊറോണ വൈറസ് രാജ്യത്ത് വ്യാപിക്കുന്ന സാഹചര്യത്തില്‍ ഭയമല്ല മുന്‍ കരുതലാണ് വേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അനാവശ്യ യാത്രകള്‍ ജനങ്ങള്‍ ഒഴിവാക്കണമെന്നും പ്രധാനമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

ഒരിക്കലും മറക്കരുത്; മുന്‍കരുതലാണ് വേണ്ടത്, പരിഭ്രാന്തിയല്ല. വീട്ടിലായിരിക്കുക എന്നത് മാത്രമല്ല അത്യാവശ്യം.നിങ്ങള്‍ എവിടെയാണോ അവിടെ തുടരുക എന്നതാണ് അഭികാമ്യം.അനാവശ്യയാത്രകള്‍ നിങ്ങള്‍ക്കോ മറ്റുള്ളവര്‍ക്കോ ഗുണകരമല്ല. ഈ സമയത്ത് നമ്മുടെ ഭാഗത്തുനിന്നുള്ള ചെറിയ ശ്രമങ്ങള്‍പോലും വലിയ മാറ്റങ്ങള്‍ക്കു കാരണമാകും- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ഡോക്ടര്‍മാരും ആരോഗ്യവിദഗ്ധരും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ നാം പാലിക്കേണ്ടസമയമാണിതെന്നും മോദി മറ്റൊരു ട്വീറ്റില്‍ കുറിച്ചു. വീടുകളില്‍ ക്വാറന്റൈനുകളില്‍ താമസിക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളവര്‍ ദയവായി നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മോദി അഭ്യര്‍ഥിച്ചു. ഇത് നിങ്ങളെയും നിങ്ങളുടെ സുഹൃത്തുക്കളെയും കുടുംബത്തെയും സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവിന്റെ ഭാഗമായി രാജ്യം നാളെ നിശ്ചലമാകും. കടകള്‍ അടച്ചിട്ടും, വാഹനങ്ങള്‍ നിരത്തിറങ്ങാതെയും എല്ലാം വരും ജനതാ കര്‍ഫ്യൂവിന്റെ ഭാഗമാകും.

ഞായറാഴ്ച രാവിലെ ഏഴ് മണിമുതല്‍ വൈകിട്ട് ഒന്‍പത് മണി വരെയാണ് പ്രധാനമന്ത്രി ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സമയം ജനങ്ങളോട് വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നാണ് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

Top