‘വിശ്വാസം കൈവിടാതെ’; വിശ്വാസവോട്ട് നടത്തണം, എപ്പോള്‍ വേണമെന്ന് സ്പീക്കര്‍ തീരുമാനിക്കട്ടെ

ഭോപാല്‍: മധ്യപ്രദേശ് രാഷ്ട്രീയം കലങ്ങിമറിഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ വിശ്വാസവോട്ട് നടത്തണമെന്ന് മുഖ്യമന്ത്രി കമല്‍ നാഥ്. ഈ ആവശ്യം അദ്ദേഹം ഗവര്‍ണര്‍ ലാല്‍ജി ടണ്ടനെ കണ്ട് അറിയിച്ചു. സ്പീക്കര്‍ നിശ്ചയിക്കുന്ന ദിവസം വിശ്വാസവോട്ട് നടത്താന്‍ തയാറാണെന്നും കമല്‍നാഥ് ഗവര്‍ണറോട് പറഞ്ഞു.

കൊറോണ വൈറസ് പേടി കാരണം മാര്‍ച്ച് 16 ന് ചേരാനിരുന്ന മധ്യപ്രദേശ് നിയമസഭ സമ്മേളനം മാറ്റിവയ്ക്കാന്‍ സാധ്യതയുണ്ടെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. അതിനിടയിലാണ് കമല്‍ നാഥിന്റെ രാജ്ഭവന്‍ സന്ദര്‍ശനം. ബംഗളൂരുവിലുള്ള എല്‍.എ.എമാരെ മോചിപ്പിക്കണമെന്നും അദ്ദേഹം ഗവര്‍ണറോട് ആവശ്യപ്പെട്ടു. അവരെ മോചിപ്പിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയെ സമീപിക്കണമെന്നും ഗവര്‍ണറോട് കമല്‍ നാഥ് അഭ്യര്‍ത്ഥിച്ചു. അതേസമയം, സമ്മേളനം നീട്ടിവെച്ചാല്‍ വിമത എംഎല്‍എമാരെ അയോഗ്യരാക്കാന്‍ കമല്‍ നാഥിന് സമയം ലഭിക്കും.

‘സര്‍ക്കാര്‍ വിശ്വാസം തെളിയിക്കേണ്ടതുണ്ട്. പക്ഷേ സ്വാതന്ത്ര്യം ഉണ്ടെങ്കില്‍മാത്രം. 22 എംഎല്‍എമാര്‍ തടവിലാക്കപ്പെടുമ്പോള്‍ എന്ത് സ്വാതന്ത്ര്യം. ചിലര്‍ പറയുന്നു തിരിച്ചെത്തുമെന്ന്. പക്ഷേ എപ്പോള്‍ തിരിച്ചെത്തും.’ – ഗവര്‍ണറെ കണ്ട ശേഷം കമല്‍ നാഥ് പ്രതികരിച്ചു.

രാജിവച്ച 22 എംഎല്‍എമാരില്‍ 19 പേരുടെ രാജിക്കത്ത് ബിജെപി മുന്‍മന്ത്രി ഭൂപേന്ദ്ര സിംഗ് ചൊവ്വാഴ്ച സ്പീക്കര്‍ക്ക് നല്‍കിയത്. ഇതില്‍ 13 പേരോട് നേരിട്ട് ഹാജരാകാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കമല്‍ നാഥ് കൂട്ടിച്ചേര്‍ത്തു.

Top