ഗുജറാത്ത് തീരത്ത് പിടിച്ച ചൈനീസ് കപ്പലില്‍ പാകിസ്ഥാനെ സഹായിക്കാനുള്ള യുദ്ധസാമഗ്രികള്‍!

ന്യൂഡല്‍ഹി: ഗുജറാത്തില്‍ പിടിച്ചിട്ട ചൈനീസ് കപ്പലില്‍ നിന്ന് പിടികൂടിയത് പാകിസ്ഥാനെ സഹായിക്കാനുള്ള യുദ്ധ സാമഗ്രികളെന്ന് റിപ്പോര്‍ട്ട്. രഹസ്യാന്വേഷണ വിവരങ്ങളെ തുടര്‍ന്നാണ് കാണ്ട്‌ല തുറമുഖത്ത് ചൈനീസ് കപ്പലായ ദയ് സുയി യുന്‍ പിടിച്ചിട്ടത്.

അതേസമയം, ദീര്‍ഘദൂര മിസൈല്‍ നിര്‍മാണത്തിനോ, ഉപഗ്രഹ വിക്ഷേപണത്തിനുള്ള റോക്കറ്റുകള്‍ നിര്‍മിക്കുന്നതിനോ ഉപയോഗിക്കുന്ന ഉപകരണങ്ങളോ ആണ് കപ്പലില്‍ ഉള്ളതെന്നാണ് വിവരം. പാകിസ്താനിലെ കറാച്ചിയില്‍ സ്ഥിതിചെയ്യുന്ന ഖാസിം തുറമുഖത്തേക്കുള്ള യാത്രക്കിടെയാണ് കപ്പല്‍ അധികൃതര്‍ പിടിച്ചെടുത്തത്.

എന്നാല്‍ പിടിക്കപ്പെട്ടപ്പോള്‍ വ്യാവസായിക ആവശ്യത്തിനുള്ള ഉപകരണങ്ങളാണ് കപ്പലിലുള്ളതെന്നാണ് കപ്പലിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞത്. തുടര്‍ന്ന് സംശയം തോന്നിയതിന്റെ അടിസ്ഥാനത്തില്‍ ഡിആര്‍ഡിയിലെ വിദഗ്ധ സംഘത്തെ വിളിച്ച് വരുത്തി പരിശോധന നടത്തുകയായിരുന്നു. എന്നാല്‍ പരിശോധനയില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്. കടുത്ത പ്രഹര ശേഷിയുള്ള ആയുധങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്നവയാണ് ഇവ. തുടര്‍ന്ന് ഡിആര്‍ഡിഒയിലെ സാങ്കേതിക വിദഗ്ധരും മിസൈല്‍ വിദഗ്ധരും കേന്ദ്ര സര്‍ക്കാരിനും കാണ്ട്‌ല തുറമുഖ അധികൃതര്‍ക്കും റിപ്പോര്‍ട്ട് നല്‍കി.

ദീര്‍ഘദൂര മിസൈലിന്റെ മോട്ടറുകള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്നവയാണ് പിടിച്ചെടുത്ത ആയുധങ്ങള്‍. 1,500 കിലോമീറ്റര്‍ പരിധിയുള്ള മിസൈലുകള്‍ നിര്‍മിക്കാന്‍ ഇതുകൊണ്ട് സാധിക്കും. പാകിസ്താന്റെ പക്കലുള്ള ഷഹീന്‍ 2 മിസൈലിന് 1,500 മുതല്‍ 2000 കിലോമീറ്റര്‍ വരെ പ്രഹരപരിധിയുണ്ട്.

ഇത് ഐക്യരാഷ്ട്രസഭയുടെ തത്വങ്ങളുടെ ലംഘനമാണ്. അതിനാല്‍ തന്നെ വിഷയം കേന്ദ്രസര്‍ക്കാര്‍ യുഎന്നിനെ അറിയിക്കും. മാത്രമല്ല, യുഎപിഎ നിയമം അനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്യും എന്നും വിവരങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്.

Top