അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി വിവരം അറിയിക്കൂ, 5000 രൂപ നേടൂ; എംഎന്‍എസ് വിവാദത്തില്‍

മുംബൈ: പൗരത്വ ഭേദഗതിക്കെതിരെ ഡല്‍ഹിയില്‍ സംഘര്‍ഷം നടക്കുന്ന സാഹചര്യത്തില്‍ വിവാദ പ്രസ്താവനയുമായി രാജ് താക്കറയുടെ നവനിര്‍മ്മാണ്‍ സേന രംഗത്ത്. പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് വന്‍ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് എംഎന്‍എസ്.

കുടിയേറ്റക്കാരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 5000 രൂപ നല്‍കുമെന്നാണ് പ്രഖ്യാപനം. മുംബൈയിലെ തെരുവുകളില്‍ ഈ പ്രഖ്യാപനം സംബന്ധിച്ച പോസ്റ്ററുകളും പാര്‍ട്ടി സ്ഥാപിച്ചിട്ടുണ്ട്. ബാന്ദ്രയില്‍ പതിച്ച പോസ്റ്ററില്‍ 5,555 രൂപയും ഔറഗാബാദ് സിറ്റി യൂണിറ്റ് ഓഫീസിന് മുന്നില്‍ പതിപ്പിച്ച പോസ്റ്റുകളില്‍ 5000 രൂപയുമാണ് എംഎന്‍എസ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, അനധികൃത കുടിയേറ്റക്കാരെക്കുറിച്ച് തങ്ങള്‍ക്ക് നിലവില്‍ കൃത്യമായ അറിവില്ലെന്നാണ് എംഎന്‍എസ് ഔറഗബാദ് സിറ്റി യൂണിറ്റ് പ്രസിഡന്റ് സത്‌നം സിംഗ് ഗുലാട്ടി വ്യക്തമാക്കിയിരിക്കുന്നത്.

അനധികൃത കുടിയേറ്റക്കാരെക്കുറിച്ച് ജനങ്ങളില്‍ നിന്ന് തന്നെ ചോദിച്ചറിയുകയാണ്. വിവരങ്ങള്‍ ലഭിച്ച ശേഷം കുടിയേറ്റക്കാരുടെ പട്ടിക പൊലീസിന് കൈമാറും.

Top