രാജിവെച്ചവര്‍ അയോഗ്യര്‍, വകുപ്പുകള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിന്റെ കത്ത്!

ഭോപാല്‍: ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കൊപ്പം രാജിവെച്ച 22 എംഎല്‍എമാരില്‍ നാല് മന്ത്രിമാര്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ച് കോണ്‍ഗ്രസ് രംഗത്ത്. രാജിവെച്ചവരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്. മാത്രമല്ല ഇക്കാര്യം ആവശ്യപ്പെട്ട് മധ്യപ്രദേശ് സ്പീക്കര്‍ എന്‍.പി. പ്രജാപതിക്ക് കോണ്‍ഗ്രസ് കത്ത് നല്‍കി എന്നാണ് വിവരം. കോണ്‍ഗ്രസ് നേതാവ് ഡി.പി. ധനോപിയ ആണ് സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരിക്കുന്നത്.

കമല്‍ നാഥ് മന്ത്രിസഭയിലെ ആറ് മന്ത്രിമാരുള്‍പ്പെടെ 22 എംഎല്‍എമാരാണ് കഴിഞ്ഞദിവസം രാജി വെച്ചിരുന്നത്. മഹേന്ദ്ര സിങ് ശിശോദിയ, ഇമാരതി ദേവി, തുള്‍സി ശീലാവത്, പ്രഭുറാം ചൗധരി, ഗോവിന്ദ് സിങ് രജപുത്, പ്രദുമന് സിങ് തോമര്‍ തുടങ്ങിയ മന്ത്രിമാരെയാണ് ഭരണഘടനയുടെ പത്താം ഷെഡ്യൂളില്‍ പറഞ്ഞിരിക്കുന്ന 191(2) ആര്‍ട്ടിക്കിള്‍ പ്രകാരം അയോഗ്യരാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്.

‘ഒരു നിയമസഭാംഗമോ ലെജിസ്ലേറ്റീസ് കൗണ്‍സില്‍ അംഗമോ ആയ ഒരാള്‍ പാര്‍ട്ടി അംഗത്വം ഉപേക്ഷിക്കുകയോ അല്ലെങ്കില്‍ പാര്‍ട്ടി വിപ്പ് ലംഘിക്കുകയോ ചെയ്താല്‍ അയാളെ അയോഗ്യനാക്കാം’ – ഇതാണ് പത്താം ഷെഡ്യൂളില്‍ പറഞ്ഞിരിക്കുന്നത്. ഈ കാര്യങ്ങളെല്ലാം സ്പീക്കറെ ഓര്‍മ്മിപ്പിക്കുന്നതാണ് കോണ്‍ഗ്രസിന്റെ കത്ത്.

‘രാജിവെച്ച ആറുപേരും കോണ്‍ഗ്രസ് ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ചവരാണ്. എന്നാല്‍ ഇപ്പോളവര്‍ ബിജെപിയെ അനുകൂലിക്കുന്നു. അതിനാല്‍ അവരെ അയോഗ്യരാക്കണം’- ധനോപിയ പറഞ്ഞു.

ഇ-മെയില്‍ വഴിയാണ് എംഎല്‍എമാര്‍ രാജി സമര്‍പ്പിച്ചത്. എന്നാല്‍ അവര്‍ നേരിട്ടുവന്ന് രാജി സമര്‍പ്പിച്ചാല്‍ മാത്രമേ അത് പരിഗണിക്കാന്‍ സാധിക്കൂവെന്ന് സ്പീക്കര് വ്യക്തമാക്കി. അതേസമയം 22 എംഎല്‍എമാരുടെ രാജി സ്പീക്കര്‍ അംഗീകരിച്ചാല്‍ നിയമസഭയിലെ കേവല ഭൂരിപക്ഷം 104 ആയി കുറയും. 107 എംഎല്‍എമാരുള്ള ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാന്‍ ഇത് ധാരാളമാണ്.

Top