വിശ്വാസവോട്ടെടുപ്പ് നാളെ വേണമെന്ന് ഗവര്‍ണര്‍, ഹാലിളകി സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്!

വര്‍ണറുടെ നടപടിയില്‍ ഹാലിളകിയ മധ്യപ്രദേശ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നു. മധ്യപ്രദേശില്‍ നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ഗവര്‍ണറുടെ ഉത്തരവിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ നടപടികള്‍ക്കെതിരെ കമല്‍ നാഥ് സര്‍ക്കാര്‍ രംഗത്ത് വന്നിരിക്കുന്നത്. സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടെന്ന് ബോധ്യമായെന്ന് ഗവര്‍ണര്‍ ലാല്‍ ജി ടണ്ടന്‍ വ്യക്തമാക്കി.

സര്‍ക്കാരിനെ നിയന്ത്രിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ടെന്ന ഭരണഘടനയിലെ വകുപ്പുകളെ ഉദ്ദരിച്ചാണ് ഗവര്‍ണര്‍ ഉത്തരവ് ഇറക്കിയത്. കഴിഞ്ഞ രാത്രി 12 മണിയോടെ മുഖ്യമന്ത്രി കമല്‍ നാഥിന് ഉത്തരവ് കൈമാറിയിട്ടുണ്ട്.

‘തന്റെ അഭിസംബോധനക്ക് ശേഷം നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നടത്തണം. ബട്ടണ്‍ അമര്‍ത്തി വോട്ട് രേഖപ്പെടുത്തണം, മറ്റൊരു രീതിയും അംഗീകരിക്കില്ല. നടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യണം.’ ഇതായിരുന്നു ഗവര്‍ണറുടെ ഉത്തരവില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇതൊന്നും അംഗീകരിക്കാനാകില്ലെന്ന തീരുമാനത്തിലാണ് മധ്യപ്രദേശിലെ കോണ്‍ഗ്രസും മുഖ്യമന്ത്രി കമല്‍ നാഥും.

സംസ്ഥാനത്ത് വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ തയ്യാറാണെന്നും അതിനുള്ള സമയം സ്പീക്കര്‍ തീരുമാനിക്കട്ടെ എന്നും കമല്‍ നാഥ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഗവര്‍ണര്‍ ഇതില്‍ ഇടപെട്ടതോടെയാണ് കോണ്‍ഗ്രസ് കോടതിയെ സമീപിക്കാന്‍ ഒരുങ്ങിയത്. വിശ്വാസ വോട്ടെടുപ്പ് എപ്പോള്‍ നടത്തണമെന്ന് തീരുമാനിക്കേണ്ടത് സ്പീക്കറാണെന്നും, ഗവര്‍ണര്‍ക്കിടപെടേണ്ട സാഹചര്യം സംസ്ഥാനത്തില്ലെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

അതേസമയം കമല്‍ നാഥ് സര്‍ക്കാരിന്റെ പതനം അടുത്തെന്നും എത്രയും വേഗം വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നുമാവശ്യപ്പെട്ട് ബിജെപി കഴിഞ്ഞ ദിവസം ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു.

ഗവര്‍ണര്‍ ഉത്തരവ് ഇറക്കിയതിന് പിന്നാലെ ജയ്പൂരിലേക്ക് മാറ്റിയ എംഎല്‍എമാരെ കോണ്‍ഗ്രസ് ഭോപ്പാലില്‍ തിരികെയെത്തിച്ചിട്ടുണ്ട്. കൂടാതെ നാളെ തുടങ്ങുന്ന നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം ബംഗളൂരുവിലുള്ള വിമത എംഎല്‍എമാരും, ഹരിയാന മനേസറിലേക്ക് മാറ്റിയ ബിജെപി എംഎല്‍എമാരും വൈകുന്നേരത്തോടെ ഭോപ്പാലിലെത്തും എന്നും വിവരമുണ്ട്.

Top