‘നീറോ ചക്രവര്‍ത്തി’ ഷായെ പുറത്താക്കി ഡല്‍ഹി കലാപം അന്വേഷിക്കണം; കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ആഭ്യന്തര മന്ത്രി അമിത് ഷായെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി രംഗത്ത്. ഡല്‍ഹി കലാപത്തെ കുറിച്ച് ലോക്‌സഭയില്‍ ചര്‍ച്ച ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ഡല്‍ഹി കത്തുമ്പോള്‍ അമിത് ഷാ എവിടെ ആയിരുന്നു, അദ്ദേഹം നീറോ ചക്രവര്‍ത്തിയെപ്പോലെയാണെന്നാണ് രഞ്ജന്‍ ചൗധരി ആഞ്ഞടിച്ചത്. അതേസമയം ഡല്‍ഹി കലാപത്തില്‍ അന്വേഷണം നടത്തണമെന്നും എന്നാല്‍ ഷായെ പുറത്താക്കി വേണം നടത്താനെന്നും അധിര്‍ രഞ്ജന്‍ ചൗധരി വ്യക്തമാക്കി.

‘ഡല്‍ഹി കത്തിയെരിയുമ്പോള്‍ അമിത് ഷാ എവിടെയായിരുന്നു. എന്തുകൊണ്ട് അമിത് ഷായും പ്രധാനമന്ത്രിയും കലാപം നടന്ന സ്ഥലങ്ങളില്‍ പോയില്ല. അമിത് ഷാ രാജിവെക്കണം’ – അദ്ദേഹം പറഞ്ഞു. മാത്രമല്ല, വിദ്വേഷ പരാമര്‍ശം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പറഞ്ഞ ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് മുരളീധറിനെ സ്ഥലം മാറ്റിയ നടപടിയേയും ചൗധരി ചോദ്യം ചെയ്തു.

അതേസമയം കലാപത്തില്‍ അക്രമം ഉണ്ടാക്കിയത് താഹിര്‍ ഹുസൈനാണെന്നും കപില്‍ മിശ്രയെ കലാപത്തിന്റെ ഉത്തരവാദിയാക്കാന്‍ ശ്രമം നടക്കുകയാണെന്നും ബിജെപി എംപി മീനാക്ഷി ലേഖി ആരോപിച്ചു. മാത്രമല്ല വീടിനു മുകളില്‍ നിന്ന് മുസ്ലിം സ്ത്രീകള്‍ ആസിഡ് എറിയുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നെന്നും അവര്‍ പറഞ്ഞു.

Top