യെദ്യൂരപ്പ സര്‍ക്കാരിന് ‘ഇനി’ കഷ്ടകാലം; വാക്ക് പാലിച്ചില്ലെങ്കില്‍ ‘വിമത കളി’ അവസാനിക്കും

ബംഗളൂരു: ബംഗളൂരുവില്‍ മുഖ്യമന്ത്രി യെദ്യൂരപ്പയേയും ബിജെപിയേയും കാത്തിരിക്കുന്നത് വന്‍ പ്രതിസന്ധിയെന്ന് റിപ്പോര്‍ട്ടുകള്‍. കുമാരസ്വാമി സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി കളിച്ച ‘വിമത കളി’ തന്നെയാണ് ഇപ്പോള്‍ വിനയായിരിക്കുന്നത്. ഉപ തെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസില്‍ നിന്ന് മറുകണ്ടം ചാടി ബിജെപിയില്‍ ചേരുകയും, വിജയിച്ച് മന്ത്രിസഭാ വികസനത്തില്‍ മന്ത്രിയാകുകയും ചെയ്ത രമേശ് ജര്‍ക്കിഹോളിയാണ് ബിജെപിക്ക് ഭീഷണിയായിരിക്കുന്നത്.

യെദ്യൂരപ്പയുടെ വാക്ക് വിശ്വസിച്ച് ബിജെപി പാളയത്തിലെത്തിയ അത്തണി എംഎല്‍എ മഹേഷ് കുമത്തള്ളിയെ മന്ത്രിയാക്കിയില്ലെങ്കില്‍ രാജിവെക്കുമെന്നാണ് ജലവിഭവ മന്ത്രിയായ ജര്‍ക്കിഹോളി അറിയിച്ചിരിക്കുന്നത്.

‘ചിലകാര്യങ്ങള്‍ പരസ്യമായി പറയാനാകില്ല. കുമത്തള്ളിയാണ് ബിജെപി സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാകാന്‍ പ്രധാന കാരണക്കാരന്‍. അദ്ദേഹത്തിന് മികച്ച പദവി കിട്ടേണ്ടതാണ്. അദ്ദേഹത്തിനോട് മാത്രം അനീതി കാട്ടാന്‍ അനുവദിക്കില്ല’ – ജര്‍ക്കിഹോളി പറഞ്ഞു.

ജര്‍ക്കിഹോളിയും കുമത്തള്ളിയും അടക്കം 17 വിമതരാണ് കുമാരസ്വാമി സര്‍ക്കാരിനെ വീഴ്ത്താന്‍ ബിജെപിക്കൊപ്പം ചേര്‍ന്നത്. അതേസമയം വിമതര്‍ക്കെല്ലാം മന്ത്രിസ്ഥാനമാണ് ബിജെപി വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാല്‍ അവസാന നിമിഷം കുമത്തള്ളി ഒഴിവാക്കിയതാണ് ഇപ്പോള്‍ വിമര്‍ശനങ്ങള്‍ക്ക് വഴിമരുന്നിട്ടിരിക്കുന്നത്.

Top