പരിഹരിക്കാമായിരുന്നു, ‘ചങ്ക്’ കാലുമാറിയതില്‍ വിഷമിച്ച് സച്ചിന്‍; കാത്തിരുന്ന പ്രതികരണം

ജ്യോതിരാദിത്യ സിന്ധ്യയുടെ കൂറുമാറ്റത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിയുമായ സച്ചിന്‍ പൈലറ്റ്. കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയുള്ള സിന്ധ്യയുടെ ഈ നടപടി നിര്‍ഭാഗ്യകരമാണെന്നും പ്രശ്‌നങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാമായിരുന്നുവെന്നും സച്ചിന് പൈലറ്റ് പറഞ്ഞു.

കോണ്‍ഗ്രസിലെ യുവത്വത്തിന്റെ മുഖങ്ങളായിരുന്നു രാഹുലും സച്ചിനും സിന്ധ്യയും. മാത്രമല്ല, രാഹുലിന്റെ വിശ്വസ്തരും മനസാക്ഷി സൂക്ഷിപ്പുകാരും ആയിരുന്നു ഇവര്‍. സിന്ധ്യയുടെ രാജിക്ക് പിന്നാലെ രാഹുലിന്റെ പ്രതികരണം വളരെ വികാരാധീതമായിരുന്നു. ഇപ്പോള്‍ സച്ചിനും തന്റെ പ്രിയ സുഹൃത്തിന്റെ മനംമാറ്റത്തില്‍ സ്തംഭിച്ച് നില്‍ക്കുകയാണ്. രാഹുലിന്റെ പ്രതികരണം വന്നതിന് പിന്നാലെ രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റു നോക്കിയിരുന്നത് സച്ചിന് പൈലറ്റിന്റെ പ്രതികരണം തന്നെയായിരുന്നു.

സച്ചിനും സിന്ധ്യയും സുഹൃത്തുക്കള്‍ എന്നതിനുമപ്പുറം രണ്ടു നേതാക്കളുടേയും ജീവിതവും ഏറെ സമാനതകള്‍ നിറഞ്ഞതാണ്. കോണ്‍ഗ്രസ് പാരമ്പര്യമുള്ള കുടംബത്തില്‍ നിന്ന് തന്നെയാണ് ഇരുവരും രാഷ്ട്രീയത്തിലേക്ക് എത്തിയത്. കൂടാതെ രാഷ്ട്രീയത്തിലും ഇരുവര്‍ക്കും സമാന പ്രശ്‌നങ്ങളും വെല്ലുവിളികളുമാണ് ഉള്ളത്. സിന്ധ്യയുടെ വളര്‍ച്ചക്ക് തടയായി നിന്നത് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥായിരുന്നെങ്കില്‍ സച്ചിന് വെല്ലുവിളി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഖലോട്ടാണ്. എന്നാല്‍ സച്ചിന് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിച്ചതിനാല്‍ തന്നെ അല്‍പം കലി അടങ്ങിയിരുന്നു എന്ന് മാത്രം.

എന്തായാലും സിന്ധ്യയെ പോലെ തഴയപ്പെട്ട നേതാവാണ് സച്ചിന്‍ പൈലറ്റും. ഉടക്ക് ഒഴിവാക്കാനാണ് അദ്ദേഹത്തിന് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കിയിരുന്നത് എന്നത് പകല്‍പോലെ വ്യക്തവുമാണ്. സിന്ധ്യയുടെ വഴി സച്ചിനും സ്വീകരിച്ചാല്‍ രാജസ്ഥാന്‍ സര്‍ക്കാരിനും ആയുസ്സുണ്ടാവില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

Top