ചര്‍ച്ചയുമില്ല, അനുരഞ്ജനവുമില്ല ; ബന്ധപ്പെടാത്തതിന് കാരണം പന്നിപ്പനി…

ഭോപ്പാല്‍: മധ്യപ്രദേശിലെ കമല്‍ നാഥ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി 18 എം.എല്‍.എ.മാര്‍ റിസോര്‍ട്ടിലേക്ക് കടന്നതിന് പിന്നില്‍
കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയാണെന്ന നിഗമനത്തിലാണ് പാര്‍ട്ടി നേതൃത്വം. സിന്ധ്യയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞിട്ടില്ലെന്ന ആശങ്കയും പാര്‍ട്ടി നേതൃത്വം പങ്കുവെച്ചു.

സിന്ധ്യയുടെ നിര്‍ദേശ പ്രകാരം ബംഗളൂരുവിലേക്ക് കടന്ന എംഎല്‍എമാരുമായും സിന്ധ്യയുമായും അനുരഞ്ജന ചര്‍ച്ചകള്‍ നടത്താന്‍ നിരന്തരം ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും സിന്ധ്യ ചര്‍ച്ചകള്‍ക്ക് തയ്യാറാകുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ‘തങ്ങള്‍ സിന്ധ്യയെ ബന്ധപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ അദ്ദേഹത്തിന് പന്നിപ്പനിയാണെന്ന് പറയുന്നു. അതുക്കൊണ്ട് സംസാരിക്കാന് കഴിയില്ലെന്നാണ് അറിയിച്ചത്’ – പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് ദിഗ്വിജയ് സിങ് പറഞ്ഞു.

രാജ്യസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുഖ്യമന്ത്രി കമല്‍ നാഥും ജ്യോതിരാദിത്യ സിന്ധ്യയും തമ്മില്‍ പോര് രൂക്ഷമായിരുന്നു. അതിനിടെ രണ്ടുതവണ മുഖ്യമന്ത്രിയായ ദിഗ്വിജയ് സിങ്ങിന്റെ രാജ്യസഭയിലെ കാലാവധി ഏപ്രിലില്‍ അവസാനിക്കുകയാണ്. ഒഴിവുവരുന്ന ഈ സീറ്റില്‍ ദിഗ്വിജയ് സിങ്ങും പി.സി.സി. അധ്യക്ഷസ്ഥാനം ലഭിക്കാത്തതിനാല്‍ കലാപക്കൊടിയുയര്‍ത്തുന്ന ജ്യോതിരാദിത്യ സിന്ധ്യയും അവകാശവാദമുന്നയിക്കുന്നുണ്ട് എന്നതും ശ്രദ്ദേയമാണ്.

ദിഗ്വിജയ് സിങ്ങിനും സിന്ധ്യയ്ക്കും ഈ സീറ്റ് വിട്ടു കൊടുത്താല്‍ പി.സി.സി. അധ്യക്ഷനും മുഖ്യമന്ത്രിയുമായ കമല്‍ നാഥിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തിന് സീറ്റു ലഭിക്കാതാവും. അതിനാല്‍ പ്രിയങ്കാഗാന്ധിയെ മധ്യപ്രദേശില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിപ്പിക്കാനാണ് കമല്‍ നാഥിന്റെ ശ്രമം. ഇതിനിടയിലാണ് എംഎല്‍എമാരെ സിന്ധ്യ ബംഗളൂരുവിലേക്ക് മാറ്റിയിരിക്കുന്നത്.

സര്‍ക്കാരിനെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാനുള്ള തത്രപ്പാടിലാണ് മുഖ്യമന്ത്രി കമല്‍ നാഥ്. ഇതിന്റെ ഭാഗമായി കമല്‍ നാഥ് വിളിച്ചു ചേര്‍ത്ത അടിയന്തരയോഗത്തില്‍ പങ്കെടുത്ത 20 മന്ത്രിമാര്‍ രാജിസമര്‍പ്പിച്ചു. സിന്ധ്യക്കൊപ്പം നില്‍ക്കുന്ന വിമതരെ ഉള്‍പ്പെടുത്തി മന്ത്രിസഭ പുനഃസംഘടിപ്പിക്കാനാണ് കമല്‍ നാഥിന്റെ ഈ നീക്കം. 29 അംഗങ്ങളാണ് കമല്‍ നാഥ് മന്ത്രിസഭയിലുണ്ടായിരുന്നത്. ഇവരില്‍ യോഗത്തില്‍ പങ്കെടുത്ത ഇരുപതുപേരാണ് രാജിസമര്‍പ്പിച്ചിട്ടുള്ളത്.

Top