വിവാദത്തില്‍ ഗൊഗോയ്; ജുഡീഷ്യറിയിലുള്ള സാധാരണക്കാരന്റെ വിശ്വാസം ഇല്ലാതാകും?

സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയെ രാജ്യസഭാ എംപിയായി നാമനിര്‍ദേശം ചെയ്ത നടപടിക്കെതിരെ സമ്മിശ്ര പ്രതികരണങ്ങളാണ് വരുന്നത്. എന്നാല്‍ ഈ നടപടിയെ രൂക്ഷമായി വിമര്‍ശിക്കുകയാണ് ജസ്റ്റിസ് കുര്യന്‍ ജോസഫ്. ഈ നടപടി മൂലം ജുഡീഷ്യറിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ഇല്ലാതാകുമെന്നും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിന് വലിയ ഭീഷണിയാകുമാന്നും ജസ്റ്റിസ് കുര്യന്‍ വിശദീകരിച്ചു.

നേരത്തെ ചീഫ് ജസ്റ്റിസ് ആയിരുന്ന ദീപക് മിശ്രയുടെ നടപടികള്‍ സുപ്രീം കോടതിയുടെ പരമാധികാരത്തെയും നിഷ്പക്ഷതയെയും ബാധിക്കുന്നെന്ന് ചൂണ്ടിക്കാട്ടി പത്രസമ്മേളനം വിളിച്ചത് ഏറെ വിവാദമായിരുന്നു. 2018ലാണ് സംഭവം. അന്ന് മുതിര്‍ന്ന ജസ്റ്റിസുമാരായ രഞ്ജന്‍ ഗോഗോയിയും , ജസ്റ്റിസ് മദന്‍ ബി. ലോകൂര്‍, ജെ. ചലമേശ്വര്‍, കുര്യന്‍ ജോസഫ് എന്നിവരായിരുന്നു മിശ്രയ്ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഗൊഗോയിയുടെ നടപടി അത്തരത്തില്‍ സുപ്രീം കോടതിയുടെ പരമാധികാരത്തെ ഹനിക്കുന്നതാണെന്ന് ജസ്റ്റിസ് കുര്യന്‍ അഭിപ്രായപ്പെടുന്നു.

‘ഇന്ത്യയുടെ ഭരണഘടനയുടെ അടിത്തറയ്ക്ക് തന്നെ ഭീഷണി ഉയര്‍ന്ന ഘട്ടത്തിലാണ് ഞാന്‍ ജസ്റ്റിസ് ചെലമേശ്വറിനും ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കും ജസ്റ്റിസ് മദന്‍ ബി ലോകൂറിനുമൊപ്പം പത്രസമ്മേളനം നടത്തിയത്. ആ ഭീഷണി കുറേക്കൂടി ശക്തമാണ് ഇപ്പോഴെന്ന് ഞാന്‍ കരുതുന്നു. ഇതുകൊണ്ടാണ് വിരമിച്ച ശേഷം മറ്റൊരു സ്ഥാനവും ഞാന്‍ ഏറ്റെടുക്കാതിരുന്നത്. രാജ്യസഭാ നാമനിര്‍ദ്ദേശം സ്വീകരിക്കാനുള്ള മുന്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസിന്റെ തീരുമാനം സാധാരണക്കാരന്‍ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിലുള്ള വിശ്വാസത്തെ തകര്‍ക്കുന്നതാണ്.’- ജസ്റ്റിസ് കുര്യന്‍ ജോസഫ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

നേരത്തെ, ജസ്റ്റിസ് മദന് ബി ലോകുറും ഗൊഗോയ്‌ക്കെതിരെ രംഗത്തുവന്നിരുന്നു.

‘നീതിന്യായ സംവിധാനത്തിന്റെ സ്വാതന്ത്ര്യം, നിഷ്പക്ഷത, പരമാധികാരം എന്നിവയെ പുനര്‍നിര്‍വചിക്കും വിധത്തിലുള്ളതാണ് ഇത്. അവസാനത്തെ അഭയസ്ഥാനവും ഇല്ലാതാവുകയാണോ?’ ഇതായിരുന്നു അദ്ദേഹത്തിന്റെ ആശങ്ക. ഇന്ത്യന്‍ എക്സ്പ്രസിനോട് സംസാരിക്കുവെയാണ് ജസ്റ്റിസ് തന്റെ ആശങ്ക അറിയിച്ചത്.

Top