കൊറോണ; സുരക്ഷിതമായി ഹോളി കളര്‍ പൊടികള്‍ നിര്‍മ്മിച്ച് ജയില്‍ അന്തേവാസികള്‍

holi

ന്യൂഡല്‍ഹി: നാടെങ്ങും ഹോളി ആഘോഷിക്കുമ്പോള്‍ ഹോളി കളര്‍ പൊടികള്‍ നിര്‍മ്മിച്ച് മധുര ജയില്‍ അന്തേവാസികള്‍. കൊറോണ വൈറസ് പടര്‍ന്നുപിടിച്ച പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാലാണ് ജയില്‍ അന്തേവാസികള്‍ പൊടി നിര്‍മ്മിച്ചത്.

ചീര, കാരറ്റ്, മഞ്ഞള്‍ എന്നീ വിവധ നിറത്തിലുള്ള പച്ചക്കറികള്‍ ഉപയോഗിച്ചാണ് അന്തേവാസികള്‍ പൊടി നിര്‍മ്മിച്ചിരിക്കുന്നത്. പിങ്ക്, പച്ച, ഇളം പച്ച, മഞ്ഞ തുടങ്ങിയ നിറത്തിലുള്ള പൊടികളാണ് ഇവര്‍ ഉണ്ടാക്കിയിരിക്കുന്നത്. ഇതിനായി അന്തേവാസികള്‍ക്ക് എല്ലാ സഹായവും ജയില്‍ അധികൃതര്‍ നല്‍കിയിരുന്നു.

12 പേര്‍ ചേര്‍ന്ന് ഏകദേശം 1000 പാക്കറ്റ് പൊടികളാണ് നിര്‍മ്മിച്ചത്. ഇന്നത്തെ സാഹചര്യത്തില്‍ ഈ പൊടികള്‍ വളരെ സുരക്ഷിതമായി ഉപയോഗിക്കാന്‍ കഴിയുമെന്നാണ് ജയില്‍ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞത്. പൊടികളുണ്ടാക്കാന്‍ വലിയ ചെലവൊന്നും വന്നിട്ടില്ലെന്നും ജയിലില്‍ നിന്ന് തന്നെ വിളവെടുത്ത പച്ചകറികളാണ് ഇതിനായി ഉപയോഗിച്ചതെന്നുമാണ് അവര്‍ വ്യക്തമാക്കുന്നത്.

100 ഗ്രാം പാക്കറ്റിന് 20 രൂപയാണ് വില. വില്‍പ്പനയില്‍ നിന്നുള്ള വരുമാനം നിര്‍മ്മാതാക്കള്‍ക്ക് നേരിട്ട് നല്‍കുമെന്നും ജയില്‍ സൂപ്രണ്ട് പറഞ്ഞു.

Top