ഡല്‍ഹിയില്‍ നിന്ന് മനുഷ്യത്വത്തിന്റെ കാഴ്ച; ഹിന്ദു പെണ്‍കുട്ടിയുടെ വിവാഹം, കാവല്‍ മുസ്ലീം കുടുംബം

ന്യൂഡല്‍ഹി: അശാന്തിയുടെ വാര്‍ത്തകളായിരുന്നു കുറച്ച് ദിവസങ്ങളായി ഡല്‍ഹിയില്‍ നിന്ന് പുറത്ത് വന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ മനസിനെ തണുപ്പിക്കുന്ന കാഴ്ചയാണ് കാണുന്നത്. യുദ്ധസമാനമായ ഡല്‍ഹിയില്‍ ഹിന്ദു യുവതിയുടെ വിവാഹത്തിന് കാവല്‍ നിന്നത് മുസ്ലിം കുടുംബം.

ഡല്‍ഹിയിലെ വടക്ക് കിഴക്കന്‍ പ്രദേശത്ത് ചാന്ദ് ബാഗിലാണ് നന്മനിറഞ്ഞ ഈ സംഭവം അരങ്ങേറിയത്. കലാപം നടക്കുന്ന സാഹചര്യത്തില്‍ വിവാഹം മുടങ്ങിപ്പോവുമെന്നായിരുന്നു വീട്ടുകാരുടെ ഭയം. എന്നാല്‍ ആ സമയത്താണ് മുസ്ലിം സഹോദരങ്ങളായ അയല്‍ക്കാര്‍ സഹായവുമായി രംഗത്ത് വന്നത്.

വിവാഹത്തിന് വരനും കുടുംബത്തിനും എത്താന്‍ കഴിയാതെ വന്നതോടെ വിവാഹം നീട്ടി വയ്ക്കാനായിരുന്നു സാവിത്രി പ്രസാദിന്റെ രക്ഷിതാക്കള്‍ തീരുമാനിച്ചത്.

വധുവിന്റെ കുടുംബം തളര്‍ന്നുപോയ അവസരത്തിലാണ് വരനെയും കുടുംബക്കാരെയും കലാപാന്തരീക്ഷം വകവയ്ക്കാതെ സാവിത്രിയുടെ വീട്ടിലെത്തിക്കാന്‍ അയല്‍ക്കാരായ മുസ്ലിം സഹോദരന്മാര്‍ തയ്യാറായത്. ചടങ്ങുകള്‍ നടക്കുന്ന വീട്ടില്‍ നിന്ന് കുറച്ച് ദൂരം അകലെ യുദ്ധാന്തരീക്ഷമായിരുന്നു. വീടിന് മുകളില്‍ ചെന്ന് നോക്കിയപ്പോള്‍ ചുറ്റുപാടും നിന്ന് പുക ഉയരുന്ന ഭീകര കാഴ്ചയാണ് കണ്ടതെന്ന് വധുവിന്റെ കുടുംബം പറയുന്നു.

എന്നാല്‍ വിവാഹം മാറ്റിവെക്കാതെ, ചടങ്ങ് ഭംഗിയായി നടത്താന്‍ കഴിഞ്ഞു. മാത്രമല്ല വരനും വധുവിനും അനുഗ്രഹം നല്‍കാനും അയല്‍ക്കാര്‍ മടിച്ചില്ല.

വര്‍ഷങ്ങളായി മുസ്ലിം വിഭാഗത്തിലുള്ളവരുമായി അയല്‍പക്കം പങ്കിടുന്നവരാണ് ഭോപ്‌ഡെ പ്രസാദും കുടുംബവും. ഈ അക്രമത്തിന് പിന്നിലുള്ളവര്‍ ആരാണെന്ന് തങ്ങള്‍ക്ക് അറിയില്ല, എന്തായാലും അത് തങ്ങളുടെ അയല്‍ക്കാരല്ലെന്ന് പ്രസാദ് ഭോപ്‌ഡെ പറയുന്നു.

Top