വാളയാര്‍ കേസ്; വെറുതെവിട്ട പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ഹൈക്കോടതി

കൊച്ചി: കേരളക്കര ഒന്നാകെ ഇളകിയ വിവാദമായ കേസായിരുന്നു വാളയാര്‍ കേസ്. കേസിലെ പ്രതികളെ വെറുതെ വിട്ട നടപടിക്കെതിരെ മലയാളി സമൂഹം ഒന്നാകെ രോഷാകുലരായിരുന്നു. എന്നാല്‍ ഇപ്പോള്‍ കേസില്‍ വെറുതെവിട്ട പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നു എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. എന്നാല്‍ അറസ്റ്റ് ചെയ്ത ശേഷം പ്രതികളെ വിചാരണക്കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിടണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരും കുട്ടികളുടെ അമ്മയും സമര്‍പ്പിച്ച അപ്പീലില്‍ പരിഗണിച്ചാണ് ഹൈക്കോടതിയുടെ നിര്‍ദേശം. പ്രതികളെ അറസ്റ്റ് ചെയ്യാന്‍ അനുമതി തേടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. അന്വേഷണ സംഘത്തിന്റെയും പ്രോസിക്യൂഷന്റെയും ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും ശക്തമായ തെളിവുകള്‍ പോലും പരിഗണിക്കാതെയാണ് വിചാരണ കോടതി വിധി പുറപ്പെടുവിച്ചിട്ടുള്ളതെന്നും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിരുന്നത്.

കേസില്‍ പ്രതികള്‍ക്കെതിരെ ചുമത്തിയ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കി വിചാരണ കോടതിയാണ് ആറ് കേസുകളിലായി നാല് പ്രതികളെ വെറുതെ വിട്ടത്. വാളയാറില്‍ 13 വയസുകാരിയെ 2017 ജനുവരി 13 നും സഹോദരിയായ ഒമ്പത് വയസുകാരിയെ 2017 മാര്‍ച്ച് നാലിനുമാണ് വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

Top