ഡല്‍ഹി സംഭവം; ദുഖകരം, സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം, ഐക്യരാഷ്ട്ര സംഘടന!

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മില്‍ ഡല്‍ഹിയില്‍ ദിവസങ്ങളായി ഏറ്റുമുട്ടുകയാണ്. നിരവധി ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട ഈ സംഭവത്തെ അപലപിക്കുന്നതായി യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് വ്യക്തമാക്കി.

കലാപത്തിലെ സ്ഥിതിഗതികള്‍ വിലയിരുത്തിവരികയാണെന്നും സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം പ്രക്ഷോഭങ്ങള്‍ക്ക് പകരം സമാധാനപരമായി പ്രതിഷേധിക്കാന്‍ അവസരം ഒരുക്കണമെന്നും ഐക്യരാഷ്ട്ര സംഘടന ആവശ്യപ്പെട്ടു.

സിഎഎക്കെതിരെ ഡല്‍ഹിയില്‍ ദിവസങ്ങളായി നടക്കുന്ന കലാപം യുദ്ധസമാനമായി മാറിയിരിക്കുകയാണ്. സംഭവത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 29 ആയി. നിരവധിപ്പേരെ കാണാതായിട്ടുണ്ട്. ഇവര്‍ എവിടെയാണെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.

കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലുള്ള അമേരിക്കന്‍ പൗരന്മാര്‍ക്ക് അമേരിക്കന്‍ എംബസി ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് വിവരം. ഫ്രാന്‍സ്, റഷ്യ തുടങ്ങിയ രാജ്യങ്ങളും പൗരന്മാര്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Top