ക്ലാസ് അടപ്പിച്ചതിന് ‘നന്ദി കൊറോണ’; രാജ്യം ഭയക്കുമ്പോള്‍ അവര്‍ ‘ജയ് വിളിച്ച്’ ആഘോഷിക്കുന്നു

കൊറോണ വൈറസിനെ ഇന്ത്യന്‍ ഭരണകൂടവും ജനങ്ങളും വളരെ ഭീതിയോടെയാണ് നോക്കുന്നത്. ശക്തമായ നിയന്ത്രണങ്ങളും ജാഗ്രതാ നിര്‍ദേശങ്ങളുമാണ് ഓരോ സംസ്ഥാനങ്ങളും സ്വീകരിക്കുന്നത്. എന്നാല്‍ രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചത് ഗുണമായെന്ന് പറഞ്ഞ് ആഘോഷിക്കുന്ന ഒരു വിഭാഗമുണ്ട്.

വൈറസ് വ്യാപിച്ചതോടെ സ്‌കൂളുകളും കോളജുകളും ഷോപ്പിംഗ് മാളുകളും വിനോദ സഞ്ചാര കേന്ദ്രങ്ങളുമെല്ലാം അടച്ചിരിക്കുകയാണ്. ഡല്‍ഹിയിലും കനത്ത ജാഗ്രതയാണ്. ഡല്‍ഹി ഐഐടിയിലെ വിദ്യാര്‍ത്ഥികളാണ് കോളേജ് അടച്ചതില്‍ കൊറോണയ്ക്ക് ജയ് വിളിച്ച് ആഘോഷിക്കുന്നത്. ട്വിറ്ററില്‍ ഇവരുടെ ‘ജയ് കൊറോണ’ വിളിയുടെ വീഡിയോ വൈറലായിരിക്കുകയാണ്.

വിദ്യാര്‍ത്ഥികള്‍ ‘ജയ് കൊറോണ’ വിളിച്ച് പാട്ടുപടാകുയും നൃത്തം ചെയ്യുകയും ചെയ്യുകയാണ്. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ കരകോരം ഹോസ്റ്റലിലാണ് സംഭവം. കൊവിഡ് 19 കാരണം ഐഐടിയിലെ മുഴുവന്‍ ക്ലാസുകളും അവസാനിപ്പിച്ചിരിക്കുകയാണ്.

അതേസമയം, കൊറോണയെ മഹാമാരിയായി പ്രഖ്യാപിച്ചിരിക്കുകയാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. 84 പേര്‍ക്കാണ് ഇതുവരെ ഇന്ത്യയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. കൊറോണ ബാധിച്ച് രാജ്യത്ത് രണ്ട് പേരാണ് മരിച്ചത്. 5000 പേരാണ് ആഗോളതലത്തില്‍ തന്നെ മരിച്ചത്.

Top