കൊറോണ; വിമാനജീവനക്കാര്‍ കര്‍ശന നിര്‍ദേശം പാലിക്കണം, മുന്നറിയിപ്പ്

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ശക്തമായ സുരക്ഷാ സംവിധാനമാണ് രാജ്യത്ത് ഒരുക്കിയിരിക്കുന്നത്. കൂടാതെ ഇപ്പോള്‍ വിമാനജീവനക്കാര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ്. കൊവിഡ് – 19 ഭീതി നിലനില്‍ക്കുമ്പോള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള യാത്രാനിയന്ത്രണങ്ങളും നാവികരുടെ സുരക്ഷയും പരിഗണിച്ചാണ് നടപടി.

ജീവനക്കാര്‍ ജോലിക്ക് കയറുമ്പോള്‍ മാസ്‌കും കയ്യുറയും ധരിക്കണമെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നിര്‍ദേശം. എയര്‍ഹോസ്റ്റസുമാര്‍ക്കും നിര്‍ദേശം ബാധകമാണ്.

അതേസമയം, 2500 പേര്‍ക്കായി മുന്‍കരുതല്‍ കേന്ദ്രങ്ങള്‍ തുറക്കുമെന്നാണ് കിട്ടുന്ന വിവരം. അതിനായുള്ള ഒരുക്കങ്ങള്‍ കര, നാവിക, വ്യോമ സേനകള്‍ നടത്തുന്നതായി അധികൃതര്‍ അറിയിച്ചു. നാവികസേന മാര്‍ച്ച് 18 മുതല്‍ 20 വരെ വിശാഖപട്ടണത്ത് നടത്താന്‍ തീരുമാനിച്ച മിലാന്‍ നാവിക പ്രദര്‍ശനം റദ്ദാക്കി. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണ് ഒരുക്കങ്ങള്‍ സജ്ജമാക്കുന്നത്.

കൊവിഡ് വൈറസ് ബാധ ലോകമെങ്ങും പടരുന്ന സാഹചര്യത്തില് ടോക്കിയോ ഒളിംപിക്‌സ് മാറ്റിവച്ചേക്കുമെന്നും സൂചനയുണ്ട്. ജാപ്പനീസ് മന്ത്രി സീക്കോ ഹാഷിമോട്ടോയാണ് ഇതു സംബന്ധിച്ച സൂചന നല്‍കിയത്. കൊവിഡ് വൈറസ് ബാധയെത്തുടര്‍ന്ന് ജപ്പാനില്‍ ഇതുവരെ 12 പേരാണ് മരിച്ചത്.

അതേസമയം ഇന്ത്യയുടെ തന്നെ വിവിധഭാഗങ്ങളില്‍ കൊറോണ വൈറസ് സ്ഥിരീകരിക്കുന്ന ഘട്ടത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി രംഗത്ത് വന്നിരുന്നു. വൈറസ് ബാധയെ ഭയപ്പെടേണ്ടെന്നാണ് അദ്ദേഹം ജനങ്ങളോട് പറഞ്ഞത്. ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘വൈറസിനെ ഭയക്കേണ്ട യാതൊരു ആവശ്യവുമില്ല. നാം യോജിച്ചു പ്രവര്‍ത്തിക്കുകയാണ് ഈ അവസരത്തില്‍ വേണ്ടത്. സ്വന്തം സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ചെറുതെങ്കിലും പ്രാധാന്യമുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുകയാണ് വേണ്ടത്’ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

അതേസമയം, രാജ്യത്തേക്ക് എത്തുന്ന എല്ലാവര്‍ക്കും സ്‌ക്രീനിങ് മുതല്‍ കൃത്യമായ വൈദ്യസഹായം നല്‍കുന്നതുവരെയുള്ള കാര്യങ്ങളില്‍ വിവിധ വകുപ്പുകളും സംസ്ഥാനങ്ങളും യോജിച്ചു പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം ട്വീറ്റില്‍ കുറിച്ചിട്ടുണ്ട്.

Top