‘മാസ്‌ക് ധരിക്കേണ്ട, എന്റെ കൈയ്യില്‍ കല്ലുണ്ട്’; ‘കൊറോണ വാല ബാബ’ അറസ്റ്റില്‍

ARREST

ലഖ്‌നൗ: രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം നൂറ് കടന്നതോടെ എല്ലാവരും ആശങ്കയിലാണ്. കര്‍ശനമായ നിയന്ത്രണങ്ങളും മുന്‍കരുതലുകളുമാണ് അധികൃതര്‍ സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍, കൊറോണയെ വിറ്റ് കാശാക്കാന്‍ ശ്രമിക്കുന്ന ചില ലോബികള്‍ പ്രവര്‍ത്തിക്കുന്നു എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ കാണുന്നത്.

ഉത്തര്‍പ്രദേശിലാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന സംഭവം നടന്നത്. കൊറോണ വൈറസ് ഭേദമാക്കുമെന്ന് അവകാശപ്പെട്ട് വ്യാജ ആള്‍ ദൈവം പ്രത്യക്ഷപ്പെട്ടിരുന്നു. ആളുകള്‍ വഞ്ചനയില്‍ പെടുന്നെന്ന വാര്‍ത്ത പരന്നതോടെ പൊലീസ് ആള്‍ദൈവത്തെ അറസ്റ്റ് ചെയ്തു.

കൊറോണ വൈറസിന്റെ വ്യാപനം തടയാന്‍ സഹായിക്കുന്ന ഒരു മാന്ത്രികക്കല്ല് തന്റെ കൈവശമുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഒരു കല്ല് 11 രൂപയ്ക്കാണ് ഇയാള്‍ വിറ്റിരുന്നത്. കൊറോണ വൈറസിനെ മറികടക്കാനുള്ള ശക്തി കല്ലിന് ഉണ്ടെന്നും ഇയാള്‍ ആളുകളെ അറിയിച്ചു. ‘കൊറോണ വാല ബാബ’ എന്നാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്.

കൂടാതെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പിന് ഭംഗം വരുത്തുന്ന തരത്തില്‍ ആളുകള്‍ക്ക് നിര്‍ദേശങ്ങളും നല്‍കിയിരുന്നു. നിങ്ങള്‍ മാസ്‌ക് ധരിക്കേണ്ടതില്ലെന്നും തന്റെ കൈവശമുള്ള മാന്ത്രികകല്ലുകള്‍ ധരിച്ചാല്‍ മതിയെന്നുമാണ് ഇയാളുടെ വാദം. ഇത് വിശ്വസിച്ച് നൂറ് കണക്കിന് ആളുകളാണ് ഇയാളുടെ അടുത്തേക്ക് ഒഴുകിയെത്തിയിരുന്നത്.

Top