ഇന്ത്യയില്‍ കൊറോണ പരത്തിയത് സോണിയയുടെ കുടുംബം! വിവാദ പ്രസ്താവനയുമായി എംപി

ന്യൂഡല്‍ഹി: സോണിയ ഗാന്ധിയുടെ കുടുംബത്തിനെതിരെ വിവാദ പ്രസ്താവനയുമായി ആര്‍എല്‍പി എംപി ഹനുമാന്‍ ബെനിവാള്‍ രംഗത്ത്. രാജ്യത്ത് കൊറോണ വൈറസ് പടര്‍ന്നുപിടിച്ചത് സോണിയ ഗാന്ധിയുടെ കുടുംബത്തില്‍ നിന്നാണോയെന്ന് അന്വേഷിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ബിജെപി സഖ്യകക്ഷിയാണ് ആര്‍എല്‍പി.

‘ഇറ്റലിയില്‍ കൊറോണ വൈറസ് ബാധ അധികമായ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെ വീട്ടില്‍നിന്നാണോ വൈറസ് പടര്‍ന്നതെന്നതില്‍ അന്വേഷണം വേണം’ – ഹനുമാന്‍ ബെനിവാള്‍ ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.

എന്നാല്‍ എംപിയുടെ പ്രസ്താവന കോണ്‍ഗ്രസ് അംഗങ്ങളെ ശരിക്കും ചൊടിപ്പിച്ചിട്ടുണ്ട്. അവര്‍ ശക്തമായി പ്രതിഷേധിക്കുകയും മുദ്രാവാക്യം വിളിക്കുകയും പേപ്പറുകള്‍ സ്പീക്കറുടെ നേര്‍ക്ക് എറിയുകയും ചെയ്തു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ രണ്ട് മണിവരെ പിരിയുകയും ചെയ്തിരുന്നു.

അതേസമയം, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും കൊറോണ വൈറസ് ബാധ പരിശോധിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി. നേതാവ് രമേഷ് ബിധുരി നേരത്തെ രംഗത്ത് വന്നിരുന്നു. ഈയടുത്താണ് രാഹുല്‍ ഇറ്റലിയില്‍ നിന്ന് വന്നത് അതിനാല്‍ രാഹുലും ക്വാറന്റൈനും(സമ്പര്‍ക്കവിലക്ക്) കൊറോണ വൈറസ് ബാധ പരിശോധനയ്ക്കും വിധേയനാകണമെന്നായിരുന്നു ബി.ജെ.പി. നേതാവിന്റെ പരാമര്‍ശം.

‘രാഹുല്‍ ഗാന്ധി ഈയടുത്താണ് ഇറ്റലിയില്‍ നിന്ന് മടങ്ങിയെത്തിയത്. വിമാനത്താവളത്തില്‍ അദ്ദേഹം പരിശോധനയ്ക്ക് വിധേയനായോ എന്ന കാര്യം എനിക്കറിയില്ല. മരണഹേതുവായ വൈറസ് ബാധയേറ്റിട്ടില്ലെന്ന് സ്ഥിരീകരിക്കാന്‍ അദ്ദേഹവും വൈദ്യപരിശോധന നടത്തണം’-രമേഷ് ബിധുരി പറഞ്ഞു.

Top