ഒരുമിച്ചു നിന്നാല്‍ തുരത്താവുന്നതേ ഉള്ളൂ, കൊറോണയെ ആരും പേടിക്കേണ്ട; പ്രധാനമന്ത്രി

ന്യൂഡല്‍ഹി: അന്താരാഷ്ട്ര തലത്തില്‍ മാത്രമല്ല, ഇന്ത്യയുടെ തന്നെ വിവിധഭാഗങ്ങളില്‍ കൊറോണ വൈറസ് സ്ഥിരീകരിക്കുന്ന ഘട്ടത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറോണ വൈറസ് ബാധയെ ഭയപ്പെടേണ്ടെന്നാണ് അദ്ദേഹം ജനങ്ങളോട് പറയുന്നത്. ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘വൈറസിനെ ഭയക്കേണ്ട യാതൊരു ആവശ്യവുമില്ല. നാം യോജിച്ചു പ്രവര്‍ത്തിക്കുകയാണ് ഈ അവസരത്തില്‍ വേണ്ടത്. സ്വന്തം സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ചെറുതെങ്കിലും പ്രാധാന്യമുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുകയാണ് വേണ്ടത്’ – പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

അതേസമയം, രാജ്യത്തേക്ക് എത്തുന്ന എല്ലാവര്‍ക്കും സ്‌ക്രീനിങ് മുതല്‍ കൃത്യമായ വൈദ്യസഹായം നല്‍കുന്നതുവരെയുള്ള കാര്യങ്ങളില്‍ വിവിധ വകുപ്പുകളും സംസ്ഥാനങ്ങളും യോജിച്ചു പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം ട്വീറ്റില്‍ കുറിച്ചിട്ടുണ്ട്. മാത്രമല്ല, വൈറസിനെ നിയന്ത്രിക്കാന്‍ സ്വീകരിച്ച നടപടികളെ കുറിച്ച് വിശദമായ അവലോകനയോഗം നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top