ആ ധാര്‍ഷ്ട്യം യുവനേതാവിനെ നഷ്ടപ്പെടുത്തി, പുതുതലമുറയെ വിലകുറച്ചു കണ്ടു; സേന

kamalnath1

ഭോപാല്‍: മധ്യപ്രദേശില്‍ നടക്കുന്ന രാഷ്ട്രീയ നാടകങ്ങളും കോണ്‍ഗ്രസ് നേരിടുന്ന പ്രതിസന്ധികളും മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥിന്റെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിച്ച് ശിവസേന. കമല്‍ നാഥ് പുതിയ തലമുറയെ വില കുറച്ച് കണ്ടെന്നാണ് ശിവസേന ആരോപിക്കുന്നത്. പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലെ മുഖപ്രസംഗത്തിലാണ് കമല്‍നാഥിനെതിരെ ശിവസേന രൂക്ഷവിമര്‍ശനമുന്നയിച്ചിരിക്കുന്നത്.

സിന്ധ്യയുടെ നേതൃത്വത്തില്‍ മധ്യപ്രദേശിലെ 22 എം.എല്‍.എമാര്‍ കോണ്‍ഗ്രസിനോട് വിടപറയുകയും സിന്ധ്യ ബി.ജെ.പിയില്‍ ചേരുകയും ചെയ്ത പശ്ചാത്തലത്തിലാണ് സേനയുടെ കുറ്റപ്പെുത്തല്‍. ‘മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീഴുകയാണെങ്കില്‍ അതിന്റെ ക്രെഡിറ്റ് ബി.ജെ.പിക്കല്ല. കമല്‍നാഥിന്റെ അശ്രദ്ധയും ധാര്‍ഷ്ട്യവും, പുതിയ തലമുറയെ വിലകുറച്ചു കാണുന്ന പ്രവണതയുമാണ് സര്‍ക്കാറിന്റെ പതനത്തിന് കാരണം’ – സാമ്‌ന കുറ്റപ്പെടുത്തുന്നു.

‘ദ്വിഗ്വിജയ് സിങ്ങും കമല്‍നാഥും മധ്യപ്രദേശിലെ പഴയ നേതാക്കളാണ്. അവരുടെ സാമ്പത്തിക ശക്തി ഉയര്‍ന്നതാണ്. അതുകൊണ്ട് അവര്‍ക്ക് എം.എല്‍.എമാരുടെ പിന്തുണ ലഭിച്ചു. ഇത് ശരിയാണെങ്കില്‍ പോലും മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യയെ അവഗണിച്ചുകൊണ്ട് ഒരു രാഷ്ട്രീയം സാധ്യമല്ല. സിന്ധ്യക്ക് സംസ്ഥാനമൊട്ടാകെ സ്വാധീനമുണ്ടാവില്ലായിരിക്കും, പക്ഷെ അദ്ദേഹത്തിന് ഗ്വാളിയാര്‍, ഗുണ പോലുള്ള ഭാഗങ്ങളില്‍ സ്വാധീനമുണ്ട്’ -സാമ്‌ന പറയുന്നു.

കൂടാതെ മധ്യപ്രേദശില്‍ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രിയായി ചിത്രീകരിച്ചിരുന്നത് യുവനേതാവു കൂടിയായ സിന്ധ്യയെ ആയിരുന്നു. പിന്നീട്, പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ അദ്ദേഹത്തെ തള്ളിമാറ്റുകയും കമല്‍ നാഥിലേക്ക് വിരല്‍ ചൂണ്ടുകയുമായിരുന്നു. ഇതെല്ലാം തന്നെ സിന്ധ്യയുടെ ഉള്ളില്‍ അവഗണനയ്ക്ക് കാരണമായിരുന്നു. എങ്കിലും പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കല്ലാതെ സിന്ധ്യ ഇന്നുവരെ പെരുമാറിയിട്ടില്ല. കര്‍ണാടക സര്‍ക്കാര്‍ പ്രതിസന്ധിയിലായപ്പോഴും ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ടും സിന്ധ്യ ബി.ജെ.പിയെ വിമര്‍ശിക്കുകയാണ് ചെയ്തത്. എന്നാല്‍ അദ്ദേഹം എതിര്‍ത്ത അതേ പാര്‍ട്ടിയില്‍ തന്നെ ഇപ്പോള്‍ ചേരുകയും ചെയ്തു. ഇതിന് കാരണം കമല്‍ നാഥ് ആണെന്നും സാമ്‌നയില്‍ പറയുന്നു.

Top