‘ഓപ്പറേഷന്‍ താമര’യുടെ അടിവേരറുക്കാന്‍ കോണ്‍ഗ്രസ്;’റിസോര്‍ട്ട് തന്ത്രം’സിന്ധ്യയുടേതോ?

ഭോപ്പാല്‍: മധ്യപ്രദേശില്‍ ‘ഓപ്പറേഷന്‍ താമര’യുടെ അടിവേരറുത്ത് കോണ്‍ഗ്രസ്. മുഖ്യമന്ത്രി കമല്‍ നാഥിന്റെ സര്‍ക്കാരിനെ താഴെയിറക്കാനുള്ള ബിജെപിയുടെ നീക്കത്തെയാണ് കോണ്‍ഗ്രസ് പൊളിച്ചടുക്കിയിരിക്കുന്നത്. കോണ്‍ഗ്രസിന്റെ നാല്, ബി.എസ്.പിയുടെ രണ്ട്, എസ്.പിയുടെ ഒന്ന്, ഒരു സ്വതന്ത്രന്‍ എന്നിങ്ങനെ എട്ട് എംഎല്‍എമാരെ കഴിഞ്ഞ ദിവസം ഗുരുഗ്രാമിലെ റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു. ഈ നീക്കത്തിന് പിന്നില്‍ ബിജെപി ആണെന്നാണ് കോണ്‍ഗ്രസ് ആരോപിച്ചത്. എന്നാല്‍ ഇവരില്‍ നിന്ന് ആറുപേരെയാണ് ഇപ്പോള്‍ മധ്യപ്രദേശില്‍ നിന്നുള്ള മന്ത്രിമാരെത്തി തിരികെ കൊണ്ടുപോയിരിക്കുന്നത്. മറ്റുള്ളവരെ കര്‍ണാടകയിലേക്ക് മാറ്റി.

ചൊവ്വാഴ്ച വൈകിട്ടാണ് എട്ട് എംഎല്‍എമാര്‍ മനേസറിലെ ഐടിസി മൗര്യ റിസോര്‍ട്ടില്‍ എത്തിയത്. ഇവരെ ഇവിടെ എത്തിച്ചത് ബിജെപി നേതാക്കളാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. എന്നാല്‍ ഇന്ന് പുലര്‍ച്ചെ മന്ത്രിമാര്‍ എത്തി ആറുപേരെ മടക്കിക്കൊണ്ടുപോവുകയും ചെയ്തു.

മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥും യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യയും തമ്മില്‍ കടുത്ത പോരാണ് നടക്കുന്നത്. ഈ വഴക്കിന്റെ പരിണിതഫലമായിരിക്കാം എംഎല്‍എമാര്‍ ഇപ്പോള്‍ കൂറുമാറാനുള്ള താല്‍പര്യത്തിലേക്ക് എത്തിയത് എന്ന സംശയവും ഉയരുന്നുണ്ട്.

സംസ്ഥാനത്തെ അതിഥി അധ്യാപകര്‍ സ്ഥിര നിയമനം ആവശ്യപ്പെട്ട് പ്രക്ഷോഭത്തിലാണ്. അതിന്റെ പശ്ചാത്തലത്തിലാണ് സിന്ധ്യ മുഖ്യമന്ത്രിക്കെതിരെ പരാമര്‍ശം നടത്തിയത്. തുടര്‍ന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കാത്തപക്ഷം നിങ്ങള്‍ ഒറ്റയ്ക്കാവില്ലെന്നും താനും പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങുമെന്നും ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞിരുന്നു. മാത്രമല്ല പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ പാലിക്കാനുള്ളതാണെന്ന് സിന്ധ്യ നേരത്തേയും പറഞ്ഞിരുന്നു. ഇതെല്ലാമാണ് ഇവരെ ശത്രുതയിലേക്ക് നയിച്ചത്.

ഈ പടലപ്പിണക്കം മുതലെടുത്ത് മധ്യപ്രദേശ് കൈക്കലാക്കാനുള്ള ശ്രമത്തിലാണ് ബിജെപി. ഇപ്പോള്‍ റിസോര്‍ട്ടില്‍ കഴിയുന്ന എംഎല്‍എമാര്‍ക്ക് ബിജെപി വാഗ്ദാനം ചെയ്തിരിക്കുന്നത് 25 കോടി മുതല്‍ 30 കോടി വരെയാണെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, റിസോര്‍ട്ടിലേക്ക് പോയ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ജ്യോതിരാദിത്യ സിന്ധ്യയെ അനുകൂലിക്കുന്നവരാണ്. രാജ്യസഭാ സീറ്റുകളുമായി ബന്ധപ്പെട്ട് വിലപേശലിനായുള്ള സിന്ധ്യയുടെ ഒരു തന്ത്രമായും ഈ നീക്കത്തെ പലരും വിലയിരുത്തുന്നുണ്ട്.

Top