കൊറോണയെ കുറിച്ച് ഗാനം പുറത്തിറക്കി ഭോജ്പുരി ഗായകര്‍; തെറ്റായ സന്ദേശങ്ങളെന്ന് വിമര്‍ശനം

ന്യൂഡല്‍ഹി: മനുഷ്യരാശിക്ക് തന്നെ ഭീഷണിയായി മാറിയിരിക്കുന്ന കൊറോണ വൈറസിനെ തുരത്താനുള്ള പരിശ്രമത്തിലാണ് ഭരണകൂടം. എന്നാല്‍ ലോകമാകെ വൈറസ്, ഭീതിപരത്തുമ്പോള്‍ കൊറോണയെ കുറിച്ചുള്ള ഗാനങ്ങള്‍ പുറത്തിറക്കി രോഗബാധിതരെയടക്കം അവഹേളിക്കുകയാണ് ഭോജ്പുരി ഗായകര്‍.

ലൈംഗിക, വംശീയ അധിക്ഷേപങ്ങള്‍ നിറഞ്ഞതാണ് പുറത്തിറങ്ങിയ ഗാനങ്ങള്‍. മാത്രമല്ല, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള വിവരങ്ങളും ഗാനങ്ങളില്‍ പറയുന്നുണ്ട്. ഐസ് ക്രീമും കൂള്‍ ഡ്രിങ്ക്‌സും കൊറോണവൈറസ് ബാധക്ക് കാരണമാണെന്ന് പാട്ടുകളില്‍ പറയുന്നു. കര്‍ശന നടപടിയെടുക്കാന്‍ പ്രധാനമന്ത്രിയെ ഉപദേശിക്കുന്നുമുണ്ട് ഗാനങ്ങളില്‍. മാത്രമല്ല, ഇഞ്ചിയിട്ട വെള്ളം കുടിക്കാനും പാട്ടിലൂടെ നിര്‍ദേശിക്കുന്നുണ്ട്.

എന്നാല്‍ ഇതിനകം തന്നെ ലക്ഷകണക്കിന് ആളുകള്‍ കണ്ട ഈ ഗാനങ്ങള്‍ക്ക് വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍ തന്നെ അതിനെ ന്യായീകരിക്കുന്ന സമീപനമാണ് അണിയറ പ്രവര്‍ത്തകരുടേത്. ഇതുപോലെ എന്തെങ്കിലും പ്രധാന സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ പാട്ടുകള്‍ പുറത്തിറക്കുന്നത് പതിവാണെന്ന് അവര്‍ പ്രതികരിച്ചു.

ഫെബ്രുവരി ഒമ്പതിനാണ് ഗാനം യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ടത്. യൂട്യൂബില്‍ മൂന്നര ലക്ഷത്തിന് മുകളില്‍ ആളുകള്‍ പാട്ട് കേട്ടു. പുറമെ, സോഷ്യല്‍ മീഡിയയിലും വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.

Top