‘നിങ്ങള്‍ വളര്‍ത്തുന്ന പാമ്പുകള്‍ തിരിഞ്ഞുകൊത്തും മോദി’; ഈ അപകടം ചെറുക്കൂ, ഒവൈസി

ഹൈദരാബാദ്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയില്‍ പ്രതിഷേധം ശക്തമായിരിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയ്ക്ക് മുന്നറിയിപ്പ് നല്‍കി അസദ്ദുദീന്‍ ഒവൈസി. നിങ്ങള്‍ വളര്‍ത്തി വലുതാക്കിയ പാമ്പുകള്‍ നിങ്ങളെ തിരിഞ്ഞുകൊത്തുമൊന്നാണ് ഒവൈസി പറഞ്ഞത്. ഇപ്പോള്‍ ഡല്‍ഹിയില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ ഡല്‍ഹി മുന്‍ എംഎല്‍എയാണെന്നാണ് ഒവൈസിയുടെ വാദം.

‘നിങ്ങള്‍ പിന്നാമ്പുറത്ത് വളര്‍ത്തുന്ന പാമ്പുകള്‍ നിങ്ങളെ തന്നെ തിരിഞ്ഞുകൊത്തുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പറയാനുള്ളത്. ഈ കലാപാന്തരീക്ഷത്തിന് കാരണം മുന്‍ എംഎല്‍എയായ ബിജെപി നേതാവാണ്. ഇപ്പോള്‍ സംഭവത്തില്‍ പൊലീസിന്റെ പങ്കും തെളിഞ്ഞു. മുന്‍ എംഎല്‍എയെ ഉടനടി അറസ്റ്റ് ചെയ്യണം’ – ഒവൈസി പറഞ്ഞു.

കഴിഞ്ഞ ദിവസം ബിജെപി നേതാവ് കപില്‍ മിശ്ര ഡല്‍ഹി പൊലീസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ട്രംപ് തിരിച്ച് പോകുന്നതുവരെ ക്ഷമിക്കും. അത് കഴിഞ്ഞാല്‍ പ്രതിഷേധക്കാരെ റോഡില്‍ നിന്നും ഒഴിപ്പിക്കാന്‍ തങ്ങള്‍ ഇറങ്ങും എന്നായിരുന്നു അദ്ദേഹത്തിന്റെ വിവാദ പ്രസ്താവന.

അതിനിടെ, ഡല്‍ഹിയില്‍ രണ്ടു ദിവസമായി തുടരുന്ന അക്രമത്തെ തുടര്‍ന്ന് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടു പേര്‍ കൂടി മരിച്ചു. ഇതോടെ കലാപത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. ഒരു പൊലീസ് ഉദ്യോഗസ്ഥനും ആറ് സിവിലിയന്‍മാരുമാണ് മരിച്ചത്. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധിക്കുന്നവരുടെ ഇടയിലേക്ക് നിയമത്തെ അനുകൂലിക്കുന്നവര്‍ ഇരച്ചുകയറിയതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.

Top