കൊറോണ ഉലച്ചത് സൈന്യത്തേയും; ആര്‍മിയിലും വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തുന്നു

രാജ്യത്ത് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഓരോ സംസ്ഥാനത്തും സ്വീകരിക്കുന്നത്. അതേസമയം, സൈനിക മേഖലയിലും വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യമാണ് നിലവില്‍ കാണുന്നത്. ഈ അവസ്ഥ പരിഗണിച്ച് ആര്‍മിയിലും വര്‍ക്ക് ഫ്രം ഹോം (വീട്ടിലിരുന്നുള്ള ജോലി) സംവിധാനം ഏര്‍പ്പെടുത്തുന്നു.

ഇതിന്റെ ആദ്യപടിയായി ആര്‍മി ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ 35 ശതമാനം ഓഫീസര്‍മാര്‍ക്കും മാര്‍ച്ച് 23 മുതല്‍ വീട്ടിലിരുന്ന് ജോലി ചെയ്യാനാകും. രാജ്യത്ത് പല മേഖലയിലും ഇതിനോടകം തന്നെ വര്‍ക്ക് ഫ്രം ഹോം സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍മാരിലെ 50 ശതമാനം ഓഫീസര്‍മാര്‍ക്കും ഇതേ രീതിയില്‍ വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സംവിധാനം തയ്യാറാക്കിയിട്ടുണ്ട്. കൊവിഡ് പേടി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മുതിര്‍ന്ന ഓഫീസര്‍മാരുമായി ആര്‍മി ചീഫ് എം.എം നവരാനെ ചര്‍ച്ച നടത്തി.

കൂട്ടം കൂടി പ്രവര്‍ത്തിക്കുന്നത് അപകടം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. കേന്ദ്ര സര്‍ക്കാര്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ആര്‍മിയും തീരുമാനം എടുത്തിരിക്കുന്നത്. സെന്യവുമായി ബന്ധപ്പെട്ട എല്ലാ കോണ്‍ഫറന്‍സുകളും സെമിനാറുകളും ഏപ്രില്‍ 15 വരെ മാറ്റിവെച്ചിട്ടുണ്ട്.

ലഡാക് സ്‌കൗട്ടിലെ 34 കാരനായ സൈനികന് നേരത്തെ കൊറോണ സ്ഥിരീകരിച്ചിരുന്നു. യുദ്ധസമാന രീതിയിലാണ് സൈന്യം രോഗത്തെ സമീപിക്കുന്നതെന്നും ശക്തമായ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നുണ്ടെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

അവധിക്ക് വീട്ടില്‍ പോയപ്പോഴാണ് പിതാവില്‍ നിന്ന് സൈനികന് വൈറസ് ബാധയുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. സൈനികന്റെ പിതാവിനും രോഗം സ്ഥിരീകരിച്ചു. സൈനികന്റെ സഹോദരിയും ഭാര്യയും അടക്കമുള്ള കുടുംബാംഗങ്ങള്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്.

അതേസമയം, കൊറോണ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരിലേയ്ക്കുള്ള വിദേശ സഞ്ചാരികളുടെ വരവ് തടഞ്ഞിട്ടുണ്ട്. ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 147 ആയി ഉയര്‍ന്നു.

Top