ഇന്ത്യ-ന്യൂസീലന്‍ഡ് രണ്ടാം ട്വന്റി ട്വന്റി ഇന്ന്; പരമ്പര നേടാന്‍ രോഹിത് ശര്‍മ്മയും കൂട്ടരും

റാഞ്ചി: ഇന്ത്യ-ന്യൂസീലന്‍ഡ് രണ്ടാം ട്വന്റി ട്വന്റി ഇന്ന്. ആദ്യ മത്സരം ജയിച്ച ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. ഇന്ന് റാഞ്ചിയില്‍ നടക്കുന്ന രണ്ടാമത്തെ ടി20യും കൂടി വിജയിക്കാനായാല്‍ ടി20 പരമ്പര നേടാനാകും. കഴിഞ്ഞ കളിയില്‍ അവസാന ഓവറിലായിരുന്നു ഇന്ത്യന്‍ വിജയം. രാഹുല്‍ ദ്രാവിഡ് കോച്ചായും രോഹിത് ശര്‍മ്മ ക്യാപ്റ്റനായുമെത്തിയ ശേഷമുള്ള ആദ്യ മത്സരവും വിജയവുമായിരുന്നിത്.

മൂന്നാം ടി20 21ന് കൊല്‍ക്കത്തയിലാണ് നടക്കുക. പിന്നീട് ടെസ്റ്റ് മത്സരങ്ങളാണ് നടക്കാനുള്ളത്. വിരാട് കോലി പിന്മാറിയതോടെയാണ് ടി 20 മത്സരങ്ങളില്‍ രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമിനെ നയിക്കാനെത്തിയത്.

സമീപകാല ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും വലിയ കടമ്പയായ ന്യൂസിലന്‍ഡിനെതിരെ മൂന്നാം മത്സരത്തിലേക്ക് പോകാതെ പരമ്പര സ്വന്തമാക്കുകയാണ് രോഹിത് ശര്‍മ്മയുടെയും രാഹുല്‍ ദ്രാവിഡിന്റേയും ലക്ഷ്യം. മധ്യനിര ബാറ്റര്‍മാരില്‍നിന്ന് കൂടുതല്‍ ഉത്തരവാദിത്തം ഇന്ത്യ പ്രതീക്ഷിക്കുന്നു. ജയ്പൂരില്‍ ജയിച്ച ടീമില്‍ കാര്യമായ മാറ്റത്തിന് സാധ്യതയില്ല. അക്‌സര്‍ പട്ടേലിന് പകരം യുസ്‌വേന്ദ്ര ചഹല്‍ പരിഗണനയിലുണ്ട്.

നിര്‍ണായക മത്സരമായതിനാല്‍ കിവീസ് ജയിംസ് നീഷത്തേയും ഇഷ് സോധിയെയും ടീമിലുള്‍പ്പെടുത്തും. 13 കളിയില്‍ ഇന്ത്യക്കെതിരെ 19 വിക്കറ്റ് വീഴ്ത്തിയ സ്പിന്നറാണ് സോധി. മഞ്ഞുവീഴ്ചയുളള റാഞ്ചിയില്‍ ടോസ് നിര്‍ണായകമാവും. രണ്ടാമത് ബാറ്റ് ചെയ്യുന്നവര്‍ക്ക് ജയസാധ്യത കൂടുതല്‍. 11 റണ്‍സ് കൂടി നേടിയാല്‍ മാര്‍ട്ടിന്‍ ഗപ്റ്റില്‍ ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത വിരാട് കോലിയെ മറികടക്കും എന്നതും മത്സരത്തെ ശ്രദ്ധേയമാക്കുന്നു. 3227 റണ്‍സാണ് ഒന്നാം സ്ഥാനത്തുള്ള കോലിയുടെ പേരിനൊപ്പമുള്ളത്.

Top