ലോകകപ്പ് ഫൈനലിലേക്ക് എത്തിച്ച നായകനെ സമ്മര്‍ദത്തിലാക്കരുത്; കോഹ്‌ലി

ഓക്ലന്‍ഡ്: ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ പദവി ഒഴിയാന്‍ തയ്യാറെന്ന് കെയ്ന്‍ വില്യംസണ്‍. താരത്തിനെ ഇപ്പോള്‍ സമ്മര്‍ദത്തിലാക്കിയിരിക്കുന്നത് ഓസ്ട്രേലിയക്കെതിരായ പരമ്പര നഷ്ടമായതാണ്. പരമ്പരയിലെ എല്ലാ ടെസ്റ്റിലും ദയനീയമായ തോല്‍വി ഏറ്റുവാങ്ങിയതോടെ താരത്തിന് നിരവധി വിമര്‍ശനങ്ങളാണ് ലഭിച്ചത്.

നായകപദവി ആസ്വദിക്കുന്നുണ്ട്. എന്നാല്‍ ടീമിന് നല്ലതെങ്കില്‍ മറ്റൊരു നായകന് കീഴില്‍ കളിക്കാന്‍ തയ്യാറെന്നുമാണ് വില്യംസണ്‍ വ്യക്തമാക്കിയത്. അതേസമയം വില്യംസണെ ശക്തമായി പിന്തുണച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി രംഗത്തെത്തുകയും ചെയ്തു.

ജയത്തിന്റെയും തോല്‍വിയുടെയും കണക്കുകള്‍ കൊണ്ട് മാത്രമല്ല നായകന്റെ മികവ് അളക്കേണ്ടതെന്ന പ്രസ്താവനയുമായി വിരാട് കോഹ്‌ലി വില്യംസണെ പിന്തുണച്ചു. ലോകകപ്പ് ഫൈനലിലേക്ക് ന്യൂസിലന്‍ഡിനെ എത്തിച്ച നായകനെ സമ്മര്‍ദത്തിലാക്കരുതെന്നുമാണ് കോഹ്‌ലി പറഞ്ഞത്.

Top