India never opened a window of opportunity for Pakistan: Sartaj Aziz

ഇസ്ലാമാബാദ്: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വാക്ക്‌പോര് രൂക്ഷമാകുന്നു. ഇന്ത്യ ഒരിക്കലും ചര്‍ച്ചകള്‍ക്കായി വാതില്‍ തുറന്നിട്ടില്ലെന്ന് പാകിസ്താന്‍ ആരോപിച്ചു.

പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസാണ് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

തീവ്രവാദം അവസാനിപ്പിക്കുക എന്നത് മാത്രമാണ് ഇന്ത്യയുടെ വിഷയമെന്ന് അസീസ് പരിഹസിച്ചു. തീവ്രവാദം പൂര്‍ണമായും നിര്‍മാര്‍ജ്ജനം ചെയ്യാന്‍ പ്രാപ്തമായ ഏത് രാജ്യമാണ് ഉള്ളതെന്ന് അദ്ദേഹം ചോദിച്ചു.

സമഗ്രമായ ചര്‍ച്ചകള്‍ നടന്നാല്‍ കശ്മീര്‍, തീവ്രവാദം തുടങ്ങി എല്ലാ വിഷയങ്ങളും ഉന്നയിക്കാന്‍ സാധിക്കും. ഒരു വിഷയത്തില്‍ മാത്രം കടിച്ചുതൂങ്ങുകയല്ല വേണ്ടത് അദ്ദേഹം പറഞ്ഞു.

അടുത്തിടെ കേന്ദ്രപ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ നടത്തിയ ഒരു പരാമര്‍ശത്തിന് മറുപടിയായിട്ടാണ് അസീസ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ചകളുടെ വാതില്‍ തുറന്നിട്ടിട്ടും ഇസ്ലാമാബാദില്‍ നിന്ന് ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ ഉണ്ടായില്ലെന്നായിരുന്നു പരീക്കറിന്റെ വാക്കുകള്‍.

ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ പാക് സന്ദര്‍ശനത്തോടെ ആരംഭിച്ച ഇന്ത്യപാക് ചര്‍ച്ചകള്‍ പത്താന്‍കോട്ട് ഭീകരാക്രമണത്തോടെയാണ് മുടങ്ങിയത്.

ആക്രമണത്തിന് പിന്നില്‍ പാകിസ്താനാണെന്ന് തെളിവുകള്‍ നിരത്തി ഇന്ത്യ വാദിച്ചെങ്കിലും അത് അംഗീകരിക്കാന്‍ ഇതുവരെ പാകിസ്താന്‍ തയ്യാറായിട്ടില്ല. അടുത്തിടെയായി ഇരുരാജ്യങ്ങളും തമ്മിലുള്ള വാക്‌പോര് തുടരുകയാണ്.

സമാധാന ചര്‍ച്ചകളില്‍ നിന്നും ഇന്ത്യ ഒളിച്ചോടുകയാണെന്ന് പാകിസ്താന്‍ ആരോപിച്ചപ്പോള്‍ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുന്നത് പാക് പിന്തുണയോടെ നടക്കുന്ന തീവ്രവാദമാണെന്ന് ഇന്ത്യ അഭിപ്രായപ്പെട്ടിരുന്നു.

Top