കനത്ത മഴ; കാര്യവട്ടത്ത് നടക്കേണ്ടിയിരുന്ന ഇന്ത്യ-നെതര്‍ലന്‍ഡ്സ് സന്നാഹ മത്സരവും ഉപേക്ഷിച്ചു

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന ഇന്ത്യ-നെതര്‍ലന്‍ഡ്സ് സന്നാഹ മത്സരം കനത്ത മഴ മൂലം ടോസ് പോലും സാധ്യമാകാതെ ഉപേക്ഷിച്ചു. ഇന്നലെ രാത്രിയോടെ തുടങ്ങിയ മഴ രാവിലെ മുതല്‍ ശക്തമായതോടെ മത്സരം നടക്കാനുള്ള സാധ്യകള്‍ മങ്ങിയിരുന്നു. എന്നാല് ഉച്ചക്ക് ശേഷം കുറച്ചു നേരം മഴ മാറി നിന്നപ്പോള്‍ ഗ്രൗണ്ടിലെ കവറുകള്‍ നീക്കുകയും മത്സരം നടക്കുമെന്ന പ്രതീക്ഷ ആരാധകര്‍ക്കു നല്‍കുകയും ചെയ്തെങ്കിലും വൈകാതെ വീണ്ടും മഴ എത്തി. ഇതോടെ മത്സരം ഫലമില്ലാതെ ഉപേക്ഷിച്ചു.

കാര്യവട്ടത്ത് നടന്ന നാലു ലോകകപ്പ് സന്നാഹ മത്സരങ്ങളില്‍ മൂന്നെണ്ണവും മഴമൂലം ഉപേക്ഷിക്കേണ്ടിവന്നത് ആരാധകര്‍ക്ക് നിരാശയായി. ലോകകപ്പ് മത്സരങ്ങള്‍ക്ക് വേദി അനുവദിച്ച് കിട്ടാത്തതിലെ നിരാശ സന്നാഹമത്സരങ്ങളെങ്കിലും കണ്ട് തീര്‍ക്കാമെന്ന ആരാധകരുടെ പ്രതീക്ഷയാണ് മഴയില്‍ ഒലിച്ചു പോയത്. കാര്യവട്ടത്ത് നടക്കേണ്ടിയിരുന്ന ദക്ഷിണാഫ്രിക്ക-അഫ്ഗാനിസ്ഥാന്‍ സന്നാഹ മത്സരവും ഓസ്ട്രേലിയ-നെതര്‍ലന്‍ഡ്സ് സന്നാഹ മത്സരവും മഴമൂലം ഫലമില്ലാതെ ഉപേക്ഷിച്ചിരുന്നു. ഓസ്ട്രേലിയ-നെതര്‍ലന്‍ഡസ് മത്സരം 23 ഓവറാക്കി ചുരുക്കി നടത്തിയെങ്കിലും ഓസീസ് ഇന്നിംഗ്സിനുശേഷം നെതര്‍ലന്‍ഡ്സ് ബാറ്റിംഗിനിടെ വീണ്ടും മഴ എത്തിയതോടെ ഉപേക്ഷിക്കുകയായിരുന്നു.

ഇന്നലെ നടന്ന ന്യൂസിലന്‍ഡ്-ദക്ഷിണാഫ്രിക്ക സന്നാഹ മത്സരത്തില്‍ ന്യൂസിലന്‍ഡ് ഇന്നിംഗ്സ് പൂര്‍ത്തിയായെങ്കിലം ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സ് 37 ഓവറായപ്പോള്‍ മഴ എത്തിയതോടെ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ന്യൂസിലന്‍ഡിനെ വിജയികളായി പ്രഖ്യാപിപ്പിച്ചിരുന്നു.

ഇതോടെ ലോകകപ്പിന് മുന്നോടിയായി ഒറ്റ സന്നാഹമത്സരം പോലും കളിക്കാത്ത ടീമായി ഇന്ത്യ. ഗവാഹത്തിയില്‍ നടക്കേണ്ട ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരവും കനത്ത മഴമൂലം ടോസിന് ശേഷം ഉപേക്ഷിച്ചിരുന്നു. ലോകകപ്പില്‍ ആദ്യ മത്സരം ഈ മാസം എട്ടിന് ചെന്നൈയിലാണ് ഇന്ത്യ കളിക്കുന്നത്. ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍. സന്നാഹമത്സരം ഉപേക്ഷിച്ചതോടെ ഇന്ത്യന്‍ ടീം തിരുവനന്തപുരത്തു നിന്ന് ചെന്നൈയിലേക്ക് പോകുമെന്നാണ് കരുതുന്നത്.

Top